ആലപ്പുഴ: കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കാൻ എസ് എഫ് ഐ മുൻ നേതാവ് നിഖില്‍ തോമസിന് സഹായിച്ചത് ഇപ്പോള്‍ വിദേശത്തുള്ള ഒരു മുൻ എസ് എഫ് ഐ നേതാവാണെന്ന് സുഹൃത്തിന്റെ മൊഴി.
നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ കായംകുളം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ മൊഴി ലഭിച്ചതെന്നാണ് കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു ഏജൻസി വഴിയായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നും മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ നിഖിലിനെ പിടികൂടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
കേസില്‍ നിഖില്‍ തോമസ് മാത്രമാണ് പ്രതിചേര്‍ക്കപ്പെട്ടതെങ്കിലും കൂട്ടു പ്രതികളുണ്ടായേക്കും എന്നാണ് പൊലീസ് നല്‍കുന്ന സൂചന. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കാൻ നിഖിലിന് പരസഹായം ലഭിച്ചെന്ന മൊഴിയെത്തുടര്‍ന്നാണിത്. ബിരുദ സര്‍ട്ടിഫിക്കറ്റും ടി.സിയും മൈഗ്രേഷൻ സര്‍ട്ടിഫിക്കറ്റും വ്യാജമാണ്. കേരള സര്‍വകലാശാലയുടെ ഇക്വലൻസി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നും അന്വേഷിക്കും.
അതിനിടെ, നിഖിലിനെ പിടികൂടാൻ ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് ടീമുകളായി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഞായറാഴ്ച വരെ കായംകുളത്തെ വീട്ടിലുണ്ടായിരുന്ന നിഖില്‍ തോമസ് തിങ്കളാഴ്ച പുലര്‍ച്ചെ എസ്.എഫ്.ഐ സംസ്ഥാന നേതാവ് പി.എം.ആര്‍ഷോയെ കാണാൻ തിരുവനന്തപുരത്ത് പോയതായും പിന്നീട് വിവരമില്ലെന്നുമാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്.
നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഫോണ്‍ സൈബര്‍ പൊലീസ് മുഖാന്തിരം നിരീക്ഷിക്കുന്നതായി പൊലീസ് അറിയിച്ചു.തിരുവനന്തപുരത്തേക്ക് നിഖിലിനൊപ്പം പോയ ഡി.വൈ.എഫ്.ഐ നേതാവിനെ ഇന്നലെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.
Post Your Comments