കോഴിക്കോട്: ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെയും ചിന്ത ജെറോമിനെയും കളിയാക്കുന്നതിനോട് താന്‍ എതിരാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ആളുകള്‍ ഏതുഭാഷയില്‍ സംസാരിച്ചാലും അത് മറ്റുള്ളവര്‍ക്ക് മനസിലായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Read Also:വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല: ഡോ. ഷിംന
‘പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്ന ആളുകള്‍ക്ക് മനസിലായാല്‍ മതി. ചിന്ത ജെറോം പറയുന്നത് ആളുകള്‍ക്ക് മനസിലായിട്ടുണ്ട്. മന്ത്രി ബിന്ദു പറഞ്ഞതും ആളുകള്‍ക്ക് മനസിലായിട്ടുണ്ട്. തലയില്‍ വെക്കുന്നത് വീടാണോ ഹോം ആണോ എന്ന് പറയുന്നതല്ല ഇവിടത്തെ വിഷയം. ഞാന്‍ എന്റെ ഭവനം എന്റെ കൂടെ കൊണ്ടുനടക്കുന്നു, അല്ലെങ്കില്‍ എന്റെ തലയില്‍ ചുമക്കുന്നു എന്നാണ് അതിന്റെ അര്‍ഥം. അതിന് പരിഹസിക്കേണ്ട കാര്യമില്ല. ഞാന്‍ തന്നെ ഇംഗ്ലീഷ് തപ്പിപിടിച്ചാണ് സംസാരിക്കുന്നത്. ഇംഗ്ലീഷ് അറിയാത്തവന്‍ പറയണ്ട. പക്ഷെ പരിശ്രമിക്കാം’.
‘നമ്മള്‍ ആരും ഇംഗ്ലീഷ് പ്രൊഫസര്‍മാരല്ല, ബിന്ദു പ്രൊഫസര്‍ ആണ്. എങ്കിലും തെറ്റില്ല. പഠിപ്പിക്കുന്ന ആളുകള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം വേണമെന്നില്ല. അവര്‍ പറയാനുള്ള കാര്യം എന്തായാലും വ്യക്തമാക്കിയിട്ടുണ്ട്. സംസാരിച്ചപ്പോള്‍ അല്‍പം വിള്ളല്‍ സംഭവിച്ചു. അതില്‍ പരിഹസിക്കേണ്ട കാര്യമില്ല. കളിയാക്കുന്നവര്‍ കളിയാക്കട്ടെ. ഒരു ഭാഷ അറിയില്ലെന്ന് പറയുന്നത് ഒരു പരാധീനതയല്ല. അവര്‍ രണ്ടുപേരും ഇംഗ്ലീഷ് പഠിച്ചവരാണെന്നുള്ളതാണ് ചിലരുടെയൊക്കെ പ്രശ്‌നം’- മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജോയ് മാത്യു പറഞ്ഞു.
‘ധാരാളം സിനിമ പ്രവര്‍ത്തകരും കളിയാക്കലുകള്‍ക്ക് ഇരയാകാറുണ്ട്. നമ്മളൊക്കെ ഇംഗ്ലീഷ് അറിഞ്ഞിട്ടാണോ ജീവിക്കുന്നെ. ചിന്തയൊക്കെ വളരെ നന്നായി മലയാളത്തില്‍ സംസാരിക്കുന്ന ആളുകള്‍ അല്ലേ. ആ രീതിയില്‍ തന്നെ അവര്‍ ഇംഗ്ലീഷില്‍ സംസാരിച്ചുവെന്നേയുള്ളൂ. അതായത്, അവര്‍ മലയാളത്തില്‍ ചിന്തിച്ചിട്ട് പറഞ്ഞു. എന്തെങ്കിലും ഒരു കാര്യം കിട്ടുമ്പോള്‍ അതിന്റെ പിന്നാമ്പുറം, ചിന്തിക്കാതെ എടുത്തുചാടി കമന്റടിക്കുന്നത് ഒരു കോംപ്ലക്‌സ് ആണ്. അതായത് ഒരാളെക്കൊണ്ട് കഴിയാത്തത് മറ്റൊരാള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അസൂയ, അതാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. സിനിമാക്കാരോടും ഇതുപോലെയുള്ള വിദ്വേഷം ഉണ്ട്. കാരണം അവര്‍ക്ക് സിനിമാക്കാര്‍ ആകാന്‍ പറ്റാത്തതുകൊണ്ടുള്ള അസൂയ ആണ് കാണിക്കുന്നത്. ചിന്തയെയും മന്ത്രി ആര്‍ ബിന്ദുവിനെയും കളിയാക്കുന്നതിനോട് ഞാന്‍ എതിരാണ്’- ജോയ് മാതു പറഞ്ഞു.
ഇന്ത്യ ടുഡേയുടെ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ലേവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നടത്തിയ ഇംഗ്ലീഷ് പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സ്ത്രീകള്‍ക്ക് വീടിനെ തലയില്‍ ചുമന്നു നടക്കേണ്ടിവരുന്നുണ്ട് എന്നായിരുന്നു ബിന്ദു പ്രസംഗത്തില്‍ പറഞ്ഞത്.
Post Your Comments