ThiruvananthapuramKeralaNattuvarthaLatest NewsNews

കോവളം തീരത്ത് കടൽ മാക്രികൾ കൂട്ടത്തോടെ ചത്ത നിലയിൽ

തെളിഞ്ഞ അന്തരീക്ഷവും അവധി ദിനവുമായതിനാല്‍ തീരം നിറയെ സഞ്ചാരികളുണ്ടായിരുന്ന സമയത്താണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞത്

തിരുവനന്തപുരം: ടൂറിസം കേന്ദ്രമായ കോവളം തീരത്ത് കടൽ മാക്രികൾ അഥവാ യേവ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചത്ത മത്സ്യങ്ങളില്‍ നിന്ന് തീരത്ത് ദുര്‍ഗന്ധം പരന്നത് വിനോദസഞ്ചാരികളെയും ബുദ്ധിമുട്ടിലാക്കി. തദ്ദേശീയമായി മുള്ളന്‍ പേത്തയെന്നും കടല്‍ മാക്രിയെന്നും വിളി പേരുള്ള യേവ മത്സ്യത്തിനൊപ്പം ക്ലാത്തി മീനുകളും ചത്ത് കരയ്ക്കടിഞ്ഞു. ഇത് ബീച്ച് ശുചീകരണതൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി.

തെളിഞ്ഞ അന്തരീക്ഷവും അവധി ദിനവുമായതിനാല്‍ തീരം നിറയെ സഞ്ചാരികളുണ്ടായിരുന്ന സമയത്താണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞത്. ദുര്‍ഗന്ധം രൂക്ഷമായതോടെ സഞ്ചാരികള്‍ സ്ഥലം വിട്ടു. വേലിയിറക്ക സമയത്ത് തീരത്തടിഞ്ഞ് കൂടിയ മീനുകള്‍ രാത്രിയിലുണ്ടാകുന്ന വേലിയേറ്റത്തിലെ തിരയടിയില്‍പ്പെട്ട് കൂടുതല്‍ കരയിലേക്ക് അടിഞ്ഞ് കയറാനും സാധ്യതയുള്ളതായും സാധാരണയായി മണ്‍സൂണ്‍ കാലത്ത് ഇത്തരം മത്സ്യങ്ങള്‍ ചത്ത് കരയിലെത്താറുണ്ടെങ്കിലും ഇത്രത്തോളം കൂട്ടമായി കരയ്ക്കടിയുന്നത് ആദ്യമാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു.

Read Also : അത്താണി ബാങ്ക് കവർച്ചാ ശ്രമം: 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത, കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി

വിഷമുള്ള യേവ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇനമാണ്. കടല്‍ തട്ടിലെ സസ്യങ്ങള്‍ക്ക് നാശം സംഭവിച്ച് ഓക്‌സിജന്റെ കുറവ് കാരണമോ, കടല്‍ക്കറയോ ആകാം കടല്‍ മാക്രികള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയാന്‍ കാരണമെന്നാണ് കരുതുന്നതെന്ന് വിഴിഞ്ഞം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്ര അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button