KeralaLatest NewsIndia

മദനിക്ക് നാട്ടിലേക്ക് വരാൻ കെ സി വേണു​ഗോപാൽ ഇടപെടുന്നു: കർണാടക കോൺഗ്രസ് സർക്കാർ ഇളവ് നൽകിയേക്കും

കൊല്ലം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിന്റെ ഇടപെടലിലൂടെ മദനിക്ക് കേരളത്തിലെത്താൻ വഴിതെളിയുന്നു. മദനിക്ക് കേരളത്തിലെത്തി രോഗബാധിതനായ പിതാവിനെ കാണാനും ചികിത്സ നടത്താനുമായി അനുമതി തേടി കർണാടക സർക്കാരിൽ വേണു​ഗോപാൽ സമ്മർദ്ദം ചെലുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിതാവിനെ കാണാനും ചികിത്സയ്ക്കുമായി മദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരുന്നെങ്കിലും ഇതിനായി ചെലവാകുന്ന വലിയ തുക മദനി നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇതോടെയാണ് മദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്.

ഏപ്രിൽ 17-നാണ് മദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചത്. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ചമാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ കെ.സി.വേണുഗോപാലുമായി മദനിയുടെ ബന്ധുക്കൾ സംസാരിച്ചിരുന്നു.

യാത്രച്ചെലവിന്റെ കാര്യത്തിൽ ഇളവു ലഭ്യമാക്കാൻ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മദനിയുടെ ബന്ധുവും പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മദനിയുടെ സഹോദരങ്ങളായ ജമാൽ മുഹമ്മദ്, സിദ്ദിഖ് എന്നിവർ കെ.സി.വേണുഗോപാലിനെ കണ്ടത്. യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സി.ആർ.മഹേഷ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ കർണാടകയിലെ കോൺഗ്രസ് ഭരണകൂടം അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജൂലായ്‌ എട്ടുവരെ കേരളത്തിൽ തങ്ങാനായിരുന്നു മദനിക്ക് കോടതി അനുമതി നൽകിയത്. കർണാടക പോലീസിന്റെ സുരക്ഷയിൽ പോയിവരണമെന്നും ചെലവ് മഅദനി വഹിക്കണമെന്നുമായിരുന്നു കോടതിനിർദേശം. എന്നാൽ, സുരക്ഷയൊരുക്കാൻ പ്രതിമാസം 20 ലക്ഷം രൂപവീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്ന് കർണാടക മുൻ സർക്കാർ നിബന്ധന വെച്ചതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button