ആലപ്പുഴ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയിക്കാനായത് ആലപ്പുഴയിൽ മാത്രമായിരുന്നു. സിപിഎം നേതാവായിരുന്ന എഎം ആരിഫ് മാത്രമായിരുന്നു കേരളത്തിൽ നിന്നും സിപിഎമ്മിന് വിജയിപ്പിക്കാനായത്.
കനൽ ഒരുതരി മതി എന്ന പ്രചാരണവുമായാണ് ആ തോൽവിയെ സിപിഎം പ്രവർത്തകർ നേരിട്ടത്. എന്നാൽ ഇക്കുറി ആ കനൽ കെടുകയാണ് എന്ന സൂചനയാണ് ആലപ്പുഴയിൽ നിന്നും ലഭിക്കുന്നത്. ആലപ്പുഴയിൽ 6482 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. ഒരു ഘട്ടത്തിൽ ശോഭ സുരേന്ദ്രൻ ലീഡ് നേടിയിരുന്നു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എഎം ആരിഫ് ലീഡ് ചെയ്തിരുന്നില്ല. ഒരു തവണ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ലീഡ് നേടിയിരുന്നെങ്കിലും കെ സി വീണ്ടും മുന്നിലെത്തുകയായിരുന്നു.
2009 മുതൽ രണ്ടു ജില്ലകളിലെ മണ്ഡലങ്ങൾ ചേർന്ന ലോക്‌സഭാ മണ്ഡലമാണ് ആലപ്പുഴ . ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം.
2009, 2014 വർഷങ്ങളിൽ വിജയിച്ചത് കോൺഗ്രസിലെ കെ സി വേണുഗോപാൽ. 2019ൽ സിപിഎമ്മിലെ എ എം ആരിഫ് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി. ബിജെപി വോട്ടിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയ നാല് മണ്ഡലങ്ങളിൽ ഒന്നാണിത്.
Post Your Comments