KeralaLatest News

‘കെസി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുമായിരുന്നു’: സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ്

ആലപ്പുഴ: സ്ഥാനാർത്ഥി നിർണയത്തിലെ പിഴവാണ് ആലപ്പുഴയിലെ പരാജയത്തിന് കാരണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. തോമസ് ഐസക്കിനെ ആലപ്പുഴയിലും രാജു എബ്രഹാമിനെ പത്തനംതിട്ടയിലും മത്സരിപ്പിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു എന്നും യോ​ഗം വിലയിരുത്തി. ആലപ്പുഴയിൽ പാർട്ടിക്ക് ഉണ്ടാകുമായിരുന്ന വലിയ നാണക്കേട് ഒഴിവാക്കിയത് കെ സി വേണു​ഗോപാലിന്റെ സ്ഥാനാർത്ഥിത്വമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുമായിരുന്നു എന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ.ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം പൂർണമായും സംസ്ഥാന നേതൃത്വത്തിനെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റിന്റേത്.

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. തോമസ് ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും വിലയിരുത്തലുണ്ടായി.

പത്തനംതിട്ടയിൽ മത്സരിക്കേണ്ടത് രാജു എബ്രഹാം ആയിരുന്നു.അതേസമയം, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പിഴവുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി ഇടതുപക്ഷത്തോടൊപ്പമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്നകന്നു നിന്നുവെന്നും യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button