മലപ്പുറം:അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് ഒന്നരക്കിലോയാേളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച പൊന്നാനി സ്വദേശി അബ്ദുസലാമിനെ പൊലീസ് അറസ്റ്റുചെയ്തു.
വിമാനത്താവളത്തിന് പുറത്തുവച്ചുനടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
മസ്‌കറ്റില്‍ നിന്നുളള വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അബ്ദുസലാമിനെ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ചോദ്യംചെയ്‌തെങ്കിലും തന്റെ കൈയില്‍ സ്വര്‍ണം ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ശരീരവും വസ്ത്രവും വിശദമായി പരിശോധിക്കുകയായിരുന്നു.
ഉള്‍വസ്ത്രം ഊരിപരിശോധിച്ചതോടെ അതിന് ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടു. അരക്കിലോയോളം തൂക്കമാണ് ഇതിനുണ്ടായിരുന്നത്. ഇത് കീറിപരിശോധിച്ചപ്പോള്‍ അകത്ത് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചതാണെന്ന് വ്യക്തമായി.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സൂളുകളിലാക്കി സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. പിന്നീട് സ്വര്‍ണം പുറത്തെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടര്‍ അന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെയാണ് കരിപ്പൂരില്‍ പൊലീസ് സ്വര്‍ണവേട്ട കര്‍ശനമാക്കിയത്. ഈ വര്‍ഷം ഇതുവരെ പൊലീസ് മാത്രം പിടികൂടിയത് 21 സ്വര്‍ണക്കടത്തുകളാണ് . കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന കടത്തുകാരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറെയും പൊലീസ് പിടികൂടുന്നത്.
Post Your Comments