KeralaLatest News

‘അവയവദാനത്തിനായി അപകടത്തിൽപ്പെട്ട 18 കാരനെ മസ്തിഷ്ക മരണത്തിനിരയാക്കി’: ആശുപത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്ന പരാതിയില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മലേഷ്യൻ എംബസി സര്‍ട്ടിഫിക്കറ്റില്‍ സ്വീകര്‍ത്താവിന്റെ ഭാര്യയെ ആണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാല്‍ അപകടത്തില്‍പെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. ഇത് സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബൈക്കപകടത്തില്‍പ്പെട്ട അബിൻ വി.ജെ എന്ന പതിനെട്ടുകാരന്‍റെ അവയവങ്ങള്‍ മലേഷ്യൻ പൗരനാണ് ദാനം ചെയ്തത്.

2009 നവംബര്‍ 29 ന് രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 8.58 ഓടെ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം (നവംബര്‍ 30 ) പുലര്‍ച്ചെ 4.15 ഓടെ വിദഗ്ദ ചികിത്സക്കായി 50 കിലോമീറ്റര്‍ അകലെയുള്ള ലേക്‌ഷോറിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം( ഡിസംബര്‍ 1, 2009 ) രാത്രി 7 മണിയോടെ അബിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയില്‍ രക്തം കട്ടപിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് യുവാവിന്‍റെ അവയവങ്ങള്‍ മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിര്‍കക്ഷികള്‍ക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

ലേക്‌ഷോര്‍ ആശുപത്രിക്കും അവിടത്തെ അന്നത്തെ ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ് മഹേഷ്, ഡോ.ജോര്‍ജ് ജേക്കബ് ഈരാളി, ഡോ.സായി സുദര്‍ശൻ, ഡോ. തോമസ് തച്ചില്‍, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ് വടക്കേടനുമാണ് കോടതി അന്വേഷണത്തിനായി സമൻസ് നല്‍കിയത്.

അവയവദാന നിയമത്തി (1994 ) ലെ 18,20,21 പ്രകാരം പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അര്‍ഹതയുള്ള കേസ് ആണിത് എന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, കോടതി ഉത്തരവിട്ട അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് വി പി എസ് ലേക് ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല പത്രക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button