Latest NewsKeralaNews

ശ്രീറാം വെങ്കിട്ടരാമനെ, സര്‍വീസില്‍ തിരിച്ചെടുക്കാൻ തീരുമാനിച്ചു

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ തീരുമാനം. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ കൊവിഡ് 19 സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാർഗ് ഐ എ എസിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിയമനം.

Also read : ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ എഫ്.ബി പോസ്റ്റ്‌ : ബിവറേജസ് ജീവനക്കാരന്റെ പണി പോയി

വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിൽ ശ്രീറാം കുറ്റക്കാരനെന്ന് പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. കുറ്റക്കാരനെന്ന് തെളിയും വരെ സര്‍വ്വീസിൽ നിന്ന് പുറത്ത് നിര്‍ത്തേണ്ട കാര്യമില്ലെന്ന വിലയിരുത്തലുണ്ട്. കൂടുതൽ അന്വേഷണം, നടത്താനും കോടതി വിധിയുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പത്ര പ്രവര്‍ത്തക യൂണിയൻ ഭാരവാഹികളെ കൂടി വിശ്വാസത്തിലെടുത്താണ് നിയമനമെന്നും യൂണിയൻ പ്രതിനിധികളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. സസ്പെൻഷൻ കാലാവധി നീട്ടിയ നടപടിയിൽ നേരത്തെ ശ്രീറാം വെങ്കിട്ടരാമൻ സര്‍ക്കാരിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനെ സമീപിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീര്‍ മരണപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച് ജീവനെടുത്ത കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കാലാവധി മൂന്ന് മാസമായി നീട്ടി. ഫെബ്രുവരിയില്‍ സസ്പെന്‍ഷന്‍ വീണ്ടും 90 ദിവസംകൂടി നീട്ടുകയും ചെയ്തു. കാറോടിച്ചില്ലെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടും പരിശോധനക്ക് വിധേയനാകാൻ തയ്യറായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button