വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട ആ നാല് കുട്ടികൾക്ക് വേണ്ടി ഒരു രാജ്യം മുഴുവൻ കാത്തിരുന്നു, ഒന്നും രണ്ടുമല്ല, 40 ദിവസം. ഒടുവിൽ 40 ദിവസത്തെ തിരച്ചിൽ ഫലം കണ്ടു. രക്ഷാപ്രവർത്തകരും സൈനികരും എത്തിയപ്പോൾ കുട്ടികൾ അവശരായിരുന്നു. പ്രതിരോധ ശേഷി കുറവായ കുട്ടികൾ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഈ നാൽപ്പത് ദിവസത്തോളം അവരുടെ ജീവൻ പിടിച്ച് നിർത്തിയത് ഒരു ബാഗ് മരച്ചീനി മാവ് അഥവാ കപ്പ പൊടി ആയിരുന്നു. മൂന്ന് കിലോയോളം കപ്പ പൊടിയായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
ആമസോണ്‍ വനമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കപ്പ പൊടി. അപകടത്തിൽ അമ്മയും ബന്ധുവും പൈലറ്റും ചലനമറ്റ് കിടക്കുന്നത് കണ്ട കുട്ടികൾ ആദ്യം തകർന്നു. ഇനിയെങ്ങോട്ട് എന്നറിയാതെ അവർ ആശങ്കപ്പെട്ടെങ്കിലും മനോധൈര്യം വീണ്ടെടുത്ത് അവർ തങ്ങളുടെ യാത്ര ആരംഭിച്ചു. ഇതിനിടെ തകര്‍ന്ന വിമാനത്തില്‍ നിന്നും ഒരു ബാഗ് നിറയെ കപ്പ പൊടി ഇവർ കൈയ്യിൽ കരുതിയിരുന്നു. ഒന്നരവയസുള്ള കൈക്കുഞ്ഞിന് ഇത് വെള്ളത്തിൽ കലർത്തിയായിരുന്നു മൂത്തകുട്ടി നൽകിയിരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്തകുട്ടിയുടെ മനോധൈര്യമാണ് നാല് പേരെയും രക്ഷപ്പെടാൻ സഹായിച്ചത്.
ഗോത്രവർഗക്കാരായ കുട്ടികൾ ആയതിനാൽ തന്നെ വനത്തിനുള്ളിൽ അതിജീവിക്കാനുള്ള ചങ്കൂറ്റവും ഇവർക്കുണ്ടായിരുന്നു. കൊടുംകാട്ടിനുള്ളില്‍ എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നുമുള്ള അറിവ് മൂത്തകുട്ടി മറ്റുള്ളവർക്ക് പകർന്നുനൽകി. കണ്ണിൽ കാണുന്ന പഴങ്ങളും കായ്കളും എല്ലാം പറിച്ച് തിന്നരുതെന്ന് പതിമൂന്നുകാരി തന്റെ ഇളയ സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളം തീരുന്നതിനനുസരിച്ച് കൃത്യമായ സമയത്ത് വെള്ളം കണ്ടത്താന്‍ ഇവർക്ക് സാധിച്ചിരുന്നു. ഇത് നിര്‍ജ്ജലീകരണം അടക്കമുള്ള കാര്യങ്ങളിലേക്ക് കുട്ടികളെ നയിക്കാതിരിക്കാൻ സഹായിച്ചു.
കുട്ടികളിലെ മുതിര്‍ന്നയാളായ 13കാരി ലെസ്ലിയാണ് കുട്ടികളെ നയിച്ചത്. കാട്ടിലൂടെ അലയുന്നതിനിടയില്‍ ഇളയ കുഞ്ഞിനെ ഏറെ സമയം എടുത്തതും സഹോദരങ്ങളെ ഒരുമിച്ച് നിര്‍ത്തിയതും ലെസ്ലിയായിരുന്നു. മറ്റ് അസുഖങ്ങള്‍ ഇല്ലെങ്കിലും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് ഇനിയും സമയം എടുക്കുമെന്നാണ് സേനാവൃത്തങ്ങള്‍ വിശദമാക്കുന്നത്. ശനിയാഴ്ച കുട്ടികളെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ സന്ദര്‍ശിച്ചിരുന്നു. ദുർഘടവനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്.
Post Your Comments