Latest NewsNewsInternational

‘നിങ്ങൾ എന്നെ നോക്കണ്ട എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടൂ…’: മരിക്കും മുൻപ് ആ അമ്മ തന്റെ മക്കളോട് പറഞ്ഞു

കൊളംബിയയിലെ നിഗൂഢ വനത്തിൽ വിമാനം തകർന്ന് വീണപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ അമ്മ നാല് ദിവസം ജീവിച്ചിരുന്നതായി പുതിയ റിപ്പോർട്ട്. വിമാനാപകടം നടന്നപ്പോൾ തന്നെ പൈലറ്റിനും ബന്ധുവിനുമൊപ്പം കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, അപകടം നടന്ന് നാല് ദിവസം കഴിഞ്ഞാണ് ഈ യുവതി മരിച്ചതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധികം മുന്നോട്ട് നടക്കാനാകാതെ വന്നപ്പോൾ ഇവർ തന്റെ മക്കളോട് യാത്ര നിർത്തേണ്ടെന്നും, മുന്നോട്ട് പൊക്കോളൂ എന്ന് പറഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇവരുടെ ഭർത്താവാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. രക്ഷപ്പെട്ടവരിൽ മൂത്തകുട്ടിയായ 13 കാരി ലെസ്ലിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്. ജീവന് വേണ്ടി യുവതി പൊരുതിയെങ്കിലും, തന്നെക്കൊണ്ട് ആകില്ലെന്ന് മനസിലായപ്പോൾ മക്കളോട് എങ്ങനെയെങ്കിലും രക്ഷപെടാൻ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് ലെസ്ലി തന്റെ മൂന്ന് സഹോദരന്മാരെയും കൂട്ടി കാടിന് പുറത്തേക്കുള്ള വഴി തേടി ഇറങ്ങിയത്.

40 ദിവസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിൽ അവരെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കൊളംബിയ. പ്രതിരോധ ശേഷി കുറവായ കുട്ടികൾ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഈ നാൽപ്പത് ദിവസത്തോളം അവരുടെ ജീവൻ പിടിച്ച് നിർത്തിയത് ഒരു ബാഗ് മരച്ചീനി മാവ് അഥവാ കപ്പ പൊടി ആയിരുന്നു. മൂന്ന് കിലോയോളം കപ്പ പൊടിയായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ആമസോണ്‍ വനമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കപ്പ പൊടി. തകര്‍ന്ന വിമാനത്തില്‍ നിന്നും ഒരു ബാഗ് നിറയെ കപ്പ പൊടി ഇവർ കൈയ്യിൽ കരുതിയിരുന്നു. ഒന്നരവയസുള്ള കൈക്കുഞ്ഞിന് ഇത് വെള്ളത്തിൽ കലർത്തിയായിരുന്നു മൂത്തകുട്ടി നൽകിയിരുന്നത്.

പതിമൂന്ന് വയസുകാരിയായ മൂത്തകുട്ടിയുടെ മനോധൈര്യമാണ് നാല് പേരെയും രക്ഷപ്പെടാൻ സഹായിച്ചത്. കൊടുംകാട്ടിനുള്ളില്‍ എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നുമുള്ള അറിവ് മൂത്തകുട്ടി മറ്റുള്ളവർക്ക് പകർന്നുനൽകി. കണ്ണിൽ കാണുന്ന പഴങ്ങളും കായ്കളും എല്ലാം പറിച്ച് തിന്നരുതെന്ന് പതിമൂന്നുകാരി തന്റെ ഇളയ സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളം തീരുന്നതിനനുസരിച്ച് കൃത്യമായ സമയത്ത് വെള്ളം കണ്ടത്താന്‍ ഇവർക്ക് സാധിച്ചിരുന്നു. കാട്ടിലൂടെ അലയുന്നതിനിടയില്‍ ഇളയ കുഞ്ഞിനെ ഏറെ സമയം എടുത്തതും സഹോദരങ്ങളെ ഒരുമിച്ച് നിര്‍ത്തിയതും ലെസ്ലിയായിരുന്നു. മറ്റ് അസുഖങ്ങള്‍ ഇല്ലെങ്കിലും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് ഇനിയും സമയം എടുക്കുമെന്നാണ് സേനാവൃത്തങ്ങള്‍ വിശദമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button