രാജ്യത്തെ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിന് കൂടുതൽ ഊന്നൽ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ഉന്നമനത്തിന് പുതിയ നാല് തീരുമാനങ്ങൾക്കാണ് കേന്ദ്ര സഹകരണ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ നയ തീരുമാനങ്ങൾ അനുസരിച്ച്, അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് ആർബിഐയുടെ മുൻകൂർ അനുമതി ഇല്ലാതെ തന്നെ ബ്രാഞ്ചുകൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വളർച്ച ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് മറ്റ് കൊമേഷ്യൽ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം മുൻഗണന മേഖലയിലെ വായ്പ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2026 മാർച്ച് 31 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. നിലവിൽ, അർബൻ ബാങ്കുകളുടെ പ്രവർത്തനം നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലായത്. റിസർവ് ബാങ്കും അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനം, കേന്ദ്രീകൃത ഇടപെടൽ എന്നിവ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments