
കോതമംഗലം: റോഡ് മുറിച്ചുകടക്കവെ, ഭാര്യയുടെ കണ്മുന്നിൽ മിനിലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കറുകടം പള്ളിമാലിൽ പി.എം. എൽദോസ് (71) ആണ് മരിച്ചത്.
പിതാവിന്റെ ചരമവാർഷികദിനമായ ഇന്നലെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. എതിർദിശയിലെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ മീൻകയറ്റി ഹൈറേഞ്ച് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറി എൽദോസിനെ പിന്നിൽ നിന്നു ഇടിച്ച് വീഴ്ത്തി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഈ സമയം റോഡ് കുറുകെ കടക്കാൻ കാത്തുനിൽക്കുകയായിരുന്നു ഭാര്യ ശാന്ത. സംഭവം കണ്ടു ബോധരഹിതയായ ശാന്ത ആശുപത്രിയിലാണ്.
സംസ്കാരം തിങ്കളാഴ്ച കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ നടക്കും. ചെറിയപള്ളി ട്രസ്റ്റി, മാർ ബേസിൽ സ്കൂൾ മാനേജർ, മാർ ബസേലിയോസ് ആശുപത്രി സെക്രട്ടറി, കോതമംഗലം ലയണ്‍സ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കോതമംഗലത്തെ മുൻ വ്യാപാരിയായിരുന്നു. മക്കൾ: സ്റ്റൈബി, നിമിത (യുഎസ്എ). മരുമക്കൾ: വിനീത വട്ടക്കാവിൽ ആറൂർ, ജോർജ് കോട്ടക്കകം പാലക്കാട് (യുഎസ്എ).
Post Your Comments