കോഴിക്കോട്: വ്യാജരേഖാ കേസ് പ്രതിയും എസ്.എഫ്.ഐ. മുൻ നേതാവുമായ കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു. ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരിടത്ത് അധ്യാപികയായും നിന്നാണ് വിദ്യ എംഫില്‍ നേടിയതെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 2019ല്‍ ഗസ്റ്റ് ലക്ചർ ആയി ജോലി ചെയ്തിരുന്നപ്പോള്‍ തന്നെ 2018മുതല്‍ 2019വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ എംഫില്‍ വിദ്യാര്‍ഥിയായിരുന്നുവെന്ന് കെ എസ് യു ആരോപിക്കുന്നു.
നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് അധ്യാപികയായും മറ്റൊരു സ്ഥലത്ത് വിദ്യാര്‍ഥിയായും പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫെല്ലോഷിപ്പും കോളേജില്‍ നിന്ന് ശമ്പളവും കൈപ്പറ്റി. അതേസമയം വിദ്യയുടെ വീട് പോലീസ് തുറന്ന് പരിശോധിക്കുകയാണ്. അടുത്ത വീട്ടില്‍ നിന്നും താക്കോല്‍ വാങ്ങിയാണ് പരിശോധന നടത്തുന്നത്.
ഇതിനിടെ, കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിനു വഴി വിട്ടു സഹായിച്ചത് കാലടി സംസ്കൃത സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട് ആണെന്ന വിവരങ്ങൾ പുറത്ത്. കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ, വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് കാലടി സംസ്കൃത സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട് നേരത്തെ പറഞ്ഞ കാര്യങ്ങൾ പച്ച നുണയാണെന്ന കാര്യങ്ങളാണ് മനസിലാക്കാനാവുന്നത്.
കാലടി സംസ്കൃത സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട് വിഷയത്തിൽ ഇപ്പോൾ മലക്കം മറിയുകയാണ്. സർവകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നൽകിയെന്നായിരുന്നു മുൻ വിസി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാൽ സർവകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന ധർമരാജ് അടാട്ടിന്റെ സംഭാക്ഷണം ഇപ്പോൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.
വിസിയായിരിക്കെ തന്നെ വന്നു കണ്ട വിദ്യാർഥികളോട് പറഞ്ഞ കാര്യങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്. വിദ്യയ്ക്ക് പ്രവേശനം നൽകിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് അന്ന് വി സി പറഞ്ഞത്. എന്നാൽ സകല സർവകലാശാല മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യയുടെ 2022 ലെ പി എച്ച് ഡി പ്രവേശനമെന്നും സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചിട്ടില്ലെന്നുമായിരുന്നു മുൻ വി സിയുടെ ആദ്യ നിലപാട്.
ലിസ്റ്റിൽ അവസാനക്കാരിയായി വി സി വിദ്യയെ ഉൾപ്പെടുത്തുകയായിരുന്നു. സത്യത്തിൽ വിദ്യയ്ക്ക് സീറ്റ് നൽകണമെന്നല്ല അപേക്ഷ പരിഗണിക്കാൻ മാത്രമായിരുന്നു കോടതി പറഞ്ഞിരുന്നത്. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുകയും, ആ കാരണം പേരാണ് SFI നേതാവിന് പ്രവേശനം നൽകുകയുമാണ് ഉണ്ടായത്.
2020 ൽ കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗത്തിൽ പിഎച്ച് ഡിക്ക് പത്തുസീറ്റാണ് ഉണ്ടായിരുന്നത്. പിന്നീട് 5 സീറ്റ് കൂടി വർധിപ്പിക്കുകയായിരുന്നു. ഈ അധിക സീറ്റിൽ അവസാന സ്ഥാനക്കാരിയായി വിദ്യക്ക് വി സി അർഹത ഇല്ലാതിരുന്നിട്ടും പ്രവേശനം നൽകുകയുമാണ് ഉണ്ടായത്. അധിക സീറ്റിന് സംവരണ മാനദണ്ഡം ബാധകമല്ലെന്നായിരുന്നു മുൻ വിസി ഡോ. ധർമരാജ് അടാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ പ്രവേശനം നൽകുന്ന ആൾക്ക് യോഗ്യത ഉണ്ടായിരിക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് മുന്നിൽ മുൻ വിസി ഡോ. ധർമരാജ് അടാറ്റിനു ഉത്തരം മുട്ടിയിരിക്കുകയാണ്.
Post Your Comments