Latest NewsKeralaNews

ചോരയിൽ കുളിച്ചു ചലനമറ്റു കിടന്ന ധനീഷ് മരിച്ചെന്ന് കരുതി ജനം; രക്തം വാർന്ന് മരണം

ആലപ്പുഴ: കാറിടിച്ച് പരുക്കേറ്റ് 20 മിനിറ്റോളം റോഡരികിൽ ചോരവാർന്നു കിടന്ന യുവാവിന് ദാരുണാന്ത്യം. കോടംതുരുത്ത് മഴത്തുള്ളി വീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷാണ് (29) മരണപ്പെട്ടത്. അപകടം നടന്നപ്പോൾ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങൾ ധനീഷ് മരണപ്പെട്ടുവെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ കൂട്ടംകൂടി നിന്നവർ ചോരയിൽ കുളിച്ച് കിടക്കുന്ന ധനീഷിനെ സഹായിച്ചില്ല.

തടിച്ചുകൂടിനിന്നവർ കാഴ്ചക്കാരായി നിന്നപ്പോൾ ഓടിയെത്തിയ രണ്ട് അധ്യാപികമാർ ഇടപെട്ടാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാർന്ന് ധനീഷ് മരണപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു മുന്നിൽ നടന്ന അപകടത്തിലാണ് ധനീഷിന്റെ ദാരുണാന്ത്യം.

ധനീഷിനെയും കാൽനട യാത്രക്കാരനായ രാഹുലിനെയും (30) നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റെങ്കിലും രാഹുലിന് ബോധം ഉണ്ടായിരുന്നു. ഇതോടെ കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ചോരയിൽ കുളിച്ച് കിടന്ന ധനീഷിന് അനക്കമൊന്നും ഉണ്ടായില്ല. ഇതോടെ ധനീഷ് മരിച്ചുവെന്ന് തന്നെ ജനം കരുതി. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button