തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തു നൽകാമെന്നു വിശ്വസിപ്പിച്ചു കുന്നംകുളം സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.69 ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. മാഡഗോമുണ്ട മുർളി പഹാരി സ്വദേശി അജിമുദ്ദീൻ അൻസാരി (26) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. തട്ടിയെടുത്ത പണം കൈമാറ്റം ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കണ്ടെത്തി പ്രതിയെ ജാർഖണ്ഡിലെത്തി കയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തട്ടിപ്പ്.
ദേശസാത്കൃത ബാങ്കിൽ നിന്നാണെന്ന് പരിചയപ്പെടുത്തി കുന്നംകുളം സ്വദേശിനിയെ തേടി ഫോൺവിളിയെത്തി. ക്രെഡിറ്റ് കാർഡിന് വേണ്ടി ബാങ്കിന് അപേക്ഷ നൽകിയിരുന്നതിനാൽ പരാതിക്കാരിക്ക് സംശയം തോന്നിയില്ല. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ഒരു മൊബൈൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് തട്ടിപ്പുകാരൻ വിശ്വസിപ്പിച്ചു. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന മട്ടിൽ സൂത്രത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം 7 തവണയായി 3.21 ലക്ഷം രൂപ തട്ടിയെടുത്തു. ക്രെഡിറ്റ് കാർഡിൽ നിന്ന് 48,000 രൂപയും തട്ടി. നഷ്ടപ്പെട്ട പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫോണിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്താൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നതു റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകളാണ്. ഇത്തരം ആപ്പുകളുടെ ലിങ്കുകൾ അജ്ഞാത ഉറവിടങ്ങളിൽ നിന്നു ലഭിച്ചാൽ ക്ലിക്ക് ചെയ്യരുത്. ഇവ ഫോണിലോ കംപ്യൂട്ടറുകളിലോ ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും നിയന്ത്രണം വിദൂരത്തിരുന്നു കുറ്റവാളികൾക്ക് ഏറ്റെടുക്കാനാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Read Also: ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ
Post Your Comments