ഗോവ- മുംബൈ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഇന്ന് നടക്കാനിരുന്ന ഫ്ലാഗ് ഓഫ് ചടങ്ങുകൾ റദ്ദ് ചെയ്തു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തെ തുടർന്നാണ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ കൊങ്കൺ റെയിൽവേ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കാനാണ് തീരുമാനിച്ചതെങ്കിലും, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഇപ്പോൾ ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലത്തേക്ക് പോകുന്നതിനാലാണ് ഫ്ലാഗ് ഓഫുമായി ബന്ധപ്പെട്ട പരിപാടികൾ റദ്ദ് ചെയ്തത്.
Also Read: ഒഡിഷയിലെ തീവണ്ടിയപകടം; പരിക്കേറ്റവരില്‍ നാല് തൃശ്ശൂര്‍ സ്വദേശികളും
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹാനഗറിൽ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് അപകടം. സംഭവത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിൻ അപകടത്തിൽ പരിക്കേറ്റ മുഴുവൻ ആളുകൾക്കും, മരിച്ചവരുടെ കുടുംബങ്ങൾക്കും അശ്വിനി വൈഷ്ണവ് ധനസഹായം പ്രഖ്യാപിച്ചു.
Post Your Comments