ന്യൂഡൽഹി: സമയം ലാഭിക്കുന്ന കാര്യത്തിൽ മുൻപനായ വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരും മാസങ്ങളിൽ പുറത്തിറങ്ങിയേക്കും. ഫെബ്രുവരി – മാർച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു.
ഇന്ത്യൻ റെയിൽവേ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ബിഇഎംഎൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിർമാണം പൂർത്തിയാക്കുന്നത്. ഫെബ്രുവരിയിലോ മാർച്ചിലോ ട്രെയിൻ കൈമാറുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച കൃത്യമായ വിവിരം അധികൃതർ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച യാത്രാ അനുഭവം നൽകുന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ.
16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പിൽ 11 എസി 3 ടയർ കോച്ചുകളും 4 എസി 2 ടയർ കോച്ചുകളും ഒരു എസി ഒന്നാം കോച്ചുമുണ്ട്. ട്രെയിനിന് ആകെ 823 യാത്രക്കാർക്കുള്ള ബെർത്ത് ശേഷിയുണ്ടാകും. വന്ദേ ഭാരത് ചെയർ കാറുകൾക്ക് സമാനമായി 160 കിലോമീറ്റർ വരെ വേഗതിലാണ് ട്രെയിൻ ഓടുക.
യാത്രക്കാരുടെ സുഖസൗകര്യങ്ങൾ കണക്കിലെടുത്ത് ബെർത്തുകളുടെ വശത്ത് അധികമായി കുഷ്യൻ ഒരുക്കിയിട്ടുണ്ട്. മികച്ച ബെർത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രായമായ യാത്രക്കാർക്ക് പോലും മുകളിലെ ബർത്തുകളിൽ എളുപ്പത്തിൽ കയറാൻ സാധിക്കുന്ന തരത്തിലാണ് ഗോവണികൾ സജ്ജമാക്കിയിരിക്കുന്നത്. കുലുക്കമില്ലാതെ യാത്ര ചെയ്യാനാകും. ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളുമുണ്ട്. ട്രെയിനിനുള്ളിൽ ക്രീം, മഞ്ഞ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കോമൺ ഏരിയയിൽ സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിങ് സൗകര്യമാണ് തയാറാക്കിയിരിക്കുന്നത്.
ആൻ്റി – സ്പിൽ ഫീച്ചറുകളുള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യകതയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. കോച്ചുകളുടെ ഇടനാഴിയിൽ രാത്രിയിൽ സഞ്ചരിക്കാൻ ലൈറ്റുകളുണ്ടാകും. സെൻസർ അടിസ്ഥാനമാക്കിയുള്ള വാതിലുകൾ, പുറത്തേക്കുള്ള ഓട്ടോമാറ്റിക് സംവിധാനമുള്ള ഡോറുകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകൾ, ശുചിമുറി, ഫസ്റ്റ് എസിയിലെ ചൂടുവെള്ളം ലഭിക്കുന്ന ഷവർ, നോയ്സ് ഇൻസുലേഷൻ, ദുർഗന്ധം ഒഴിവാക്കാനാകുന്ന ശുചിമുറി എന്നിവയും ട്രെയിനിലുണ്ട്.
Post Your Comments