ഒഡിഷ: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും കുഞ്ഞ് അയാളുടേതാണ് എന്നും സംശയിച്ച് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്.
ഒഡീഷയിലെ ബാസലോർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചന്ദൻ മഹാന എന്ന യുവാവാണ് കുഞ്ഞിനെ വിഷം കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബാലസോറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. ഒരു വർഷമായിരുന്നു ചന്ദന്റെയും ഭാര്യയുടേയും വിവാഹം കഴിഞ്ഞിട്ട്. 20 ദിവസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. എന്നാൽ, കുഞ്ഞ് തന്റേതല്ല എന്ന് പ്രതിക്ക് സംശയമുണ്ടായിരുന്നു.
തിങ്കളാഴ്ച കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് ചന്ദൻ കുഞ്ഞിന്റെ ദേഹത്ത് വിഷം കുത്തി വച്ച് അവളെ കൊല്ലാൻ ശ്രമിച്ചത്. ആ സമയത്ത് ഇയാളുടെ ഭാര്യ കുളിക്കുകയായിരുന്നു. തിരികെ എത്തിയ ഭാര്യയാണ് കുഞ്ഞിന് സമീപത്തായി സിറിഞ്ച് കണ്ടത്. പിന്നാലെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികം വൈകാതെ തന്നെ ചന്ദൻ അറസ്റ്റിലാവുകയും ചെയ്തു. ഭാര്യയോടുള്ള സംശയവും ദേഷ്യവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താനായി ശ്രമിച്ചതിന് പിന്നിലെ കാരണം എന്ന് ചന്ദൻ പൊലീസിനോട് സമ്മതിച്ചതായാണ് എസ്പി സാഗരിക നാഥ് പറഞ്ഞത്.
Post Your Comments