
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. അഴിമതിയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ തീപിടിക്കുന്ന വിചിത്ര സാഹചര്യമാണുള്ളതെന്നും ബ്രഹ്‌മപുരത്തും സെക്രട്ടേറിയറ്റിലും ഒ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ രണ്ട് ഗോഡൗണിലും തീ ഉയരുന്നത് തെളിവുകള്‍ ചുട്ടെരിക്കാനാണെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ;
കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. ഇനിയടുത്ത തീപിടിത്തം എഐ ക്യാമറയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മീഷന്‍ ഇടപാടിന് കളമൊരുക്കിയ കെല്‍ട്രോണിലാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. അഴിമതി ആരോപണം ഉയര്‍ന്ന ഇടങ്ങളിലെ തെളിവുകള്‍ തീപിടിത്തത്തില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം.
അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്ത മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗുണദോഷിക്കുന്നത് ഏറ്റവും വലിയ തമാശയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതിയിലും തട്ടിപ്പ് അരങ്ങേറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിലുള്ളത്. തമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നു പറഞ്ഞതുപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെട്ടിപ്പു നടത്താന്‍ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ റോള്‍മോഡല്‍ മുഖ്യമന്ത്രിയാണ്.
അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണം നടത്താന്‍ പാടില്ലെന്ന ഭേദഗതി 2018ല്‍ നടപ്പായതോടെ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ചാകരയാണിപ്പോള്‍. എഐ ക്യാമറ, കെ-ഫോണ്‍, ലൈഫ് മിഷന്‍ തുടങ്ങി വളരെ നാളുകളായി പുകയുന്ന അഴിമതികളുടെ കെട്ടുകണക്കിനു തെളിവുകള്‍ സഹിതം പുറത്ത് വരുമ്പോള്‍ ഒരക്ഷരം മിണ്ടാനാകാതെയിരിക്കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ വാര്‍ഷികത്തിനെങ്കിലും തള്ളിമറിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നു പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി എത്രമാത്രം പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ സര്‍ക്കാരെന്ന് കൊട്ടിഘോഷിക്കുമ്പോള്‍, യാഥാര്‍ത്ഥ്യം അറിയാവുന്നവര്‍ മൂക്കത്തു വിരല്‍വയ്ക്കുകയാണ്.
Post Your Comments