വ്യാപാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യത്തെ ഡിജിറ്റൽ ഓൺ ബോർഡിംഗ് സംവിധാനമായ സാരഥിയാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിൽ അക്കൗണ്ടുള്ള വ്യാപാരികൾക്ക് ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചർ അല്ലെങ്കിൽ പോയിന്റ് ഓഫ് സെയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സാരഥി അവതരിപ്പിച്ചത്. നാല് ഘട്ടങ്ങളിലൂടെ, ഓൺ ബോർഡിംഗ് പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കും. കൂടാതെ, ഇവ കടലാസ് രഹിതമായി സമർപ്പിക്കാനും കഴിയുന്നതാണ്.
സാധാരണയായി ഓൺ ബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കാൻ വ്യാപാരികൾക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. സാരഥിയിലൂടെ ഇവ ലളിതമാകുന്നതിനാൽ, രേഖകൾ സമർപ്പിക്കാൻ പലതവണ ബാങ്കുകൾ സന്ദർശിക്കേണ്ട ബുദ്ധിമുട്ടും ഒഴിവാക്കാനാകും. അപേക്ഷ പ്രോസസ് ചെയ്ത ദിവസം തന്നെ ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. ‘സാരഥി വ്യാപാരികൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതാണ്. കൂടാതെ, സെയിൽസ് ടീമിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഈ മാർഗ്ഗത്തിലൂടെ സാധിക്കും’, ആക്സിസ് ബാങ്ക് പ്രസിഡന്റും, കാർഡ് ആൻഡ് പേയ്മെന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഖെ പറഞ്ഞു.
Post Your Comments