
ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസിയെ പാവങ്ങൾക്കു വേണ്ടിയുള്ള നോട്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടിരുന്നില്ലെന്ന് റിപ്പോർട്ട്. മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയാണ് 2000 രൂപയുടെ കറൻസികൾ രാജ്യത്ത് ഇറക്കുന്നതിനോട് മോദിക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2014–2019 വരെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളാണ് നൃപേന്ദ്ര മിശ്ര. നോട്ട് നിരോധനം തീരെ ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നെന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു.
പാവങ്ങൾക്കുവേണ്ടിയുള്ള കറൻസി നോട്ടായി 2000ന്റെ നോട്ടിനെ അദ്ദേഹം കണ്ടിരുന്നില്ല. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് അവിടെ കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു പോംവഴിയെന്ന് നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
‘കള്ളപ്പണത്തെ നേരിടാൻ’വേണ്ടിയാണ് നോട്ട് നിരോധിച്ചത്. അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ന്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ലെന്ന്’ നൃപേന്ദ്ര മിശ്ര വിശദീകരിച്ചു.
Post Your Comments