Latest NewsKeralaNews

‘ക്യാംപിൽ വെച്ച് പരിചയപ്പെട്ടു, ഫോൺ നൽകി’: രാഖിശ്രീയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി കുടുംബം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരനെതിരെ പരാതി നൽകി പെൺകുട്ടിയുടെ കുടുംബം. ചിറയിൻകീഴ് സ്വദേശി തന്നെയായ യുവാവിനെതിരെയാണ് മരിച്ച രാഖിശ്രീയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. മകളുടെ മരണത്തിൽ യുവാവിന് പങ്കുണ്ടെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.

യുവാവ് തന്റെ മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അച്ഛൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് മരിച്ച രാഖിശ്രീ. കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു.

‘ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ വെച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും അവൻ പറഞ്ഞു. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു’, അച്ഛൻ പറയുന്നു.

ഈ കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി കുടുംബത്തിന്റെ അഭിമാനമായി നിന്ന മകൾ പെട്ടെന്ന് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്നലെ സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button