
കോഴിക്കോട്: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾ പങ്കുവെച്ച് ഭർത്താവ് സജീഷ്. 2018 മെയ് 21നാണ് ലിനി നിപ്പ ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ സജീഷിനും രണ്ടു മക്കൾക്കും കൂട്ടായി പ്രതിഭയും ഇവരുടെ ജീവിതത്തിലെത്തിയിരുന്നു. ലിനിയുടെ ഓർമ്മ ദിവസത്തിൽ ഭർത്താവ് സജീഷ് ഹൃദയ സ്പർശിയായ കുറിപ്പാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
സജീഷ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
ലിനി…
നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം തികയുന്നു.
ഇന്ന് ഞങ്ങൾ തനിച്ചല്ല….
ഒരു പാതിയുടെ കരുതലും സ്‌നേഹവും എനിക്കും,
ഒരു അമ്മയുടെ മാതൃസ്‌നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത് അനുഭവിക്കുന്നുണ്ടെങ്കിൽ നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത് കൊണ്ട് മാത്രമാണ്.
മെയ് 21
വേർപാടിന്റെ ഓർമ്മദിനം.
സജീഷിന്റെ ഭാര്യ പ്രതിഭയും ലിനിയുടെ ഓർമകളടങ്ങുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രതിഭ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
‘നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട് തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. സ്‌നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ് ഞാൻ കൂടെ ഉണ്ട്. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ് കാണുന്നത്. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്..’
Post Your Comments