റാന്നി: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഇപ്പോഴും ഒളിവിൽ തന്നെയാണ്. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. നിലവിൽ റിമാന്റിലുളള രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ ഇടനിലക്കാരനായത് കുമളി സ്വദേശി കണ്ണനാണ്. പൂജ നടത്തിയ നാരായണനെ വനംവികസന കോർപ്പറേഷൻ ജീവനക്കാർക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. പണം നൽകിയതും കണ്ണൻ വഴിയാണ് എന്നാണ് വിവരം.
അതേസമയം, സംഭവത്തില്‍ വനം വികസന കോർപ്പറേഷൻ ജീവനക്കാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ക്കെതിരെയാണ് നടപടി. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നു കയറി പൂജ നടത്തിയ കേസിലാണ് പ്രതികൾക്ക് വനത്തിനുള്ളിൽ കടന്നുകയറാൻ സഹായം നൽകിയ വനം വികസന കോർപ്പറേഷൻ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പു ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
3000 രൂപ വാങ്ങിയാണ് പ്രതികൾ പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് എന്നാണ് കണ്ടെത്തൽ.
Post Your Comments