കണ്ണപുരം: റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം യോഗശാലക്ക് സമീപം ചുണ്ടിൽ ചാലിൽ എലിയൻ രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന റേഡിയോ ടേപ്പ് റിക്കോർഡറാണ് പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ചൊവ്വാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കുടുംബവുമായി പോവുകയും ഏഴോടെ തിരിച്ചെത്തി വീട് തുറക്കുമ്പോൾ വീട് നിറയെ കറുത്ത പുകയും തീയുമായിരുന്നു. നാട്ടുകാരെത്തി തീയണക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയും മറ്റെല്ലാ രേഖകളും കത്തിച്ചാമ്പലായ നിലയിലാണ്.
14 വർഷമായി പാപ്പിനിശ്ശേരി റൂറൽ സർവിസ് സഹകരണ ബാങ്കിലെ കമീഷൻ ഏജന്റാണ് രാജേഷ്. അലമാരയില്‍ സൂക്ഷിച്ച കലക്ഷൻ തുകയായ 18500 രൂപയും കത്തിനശിച്ചു. തുക ബുധനാഴ്ച ബാങ്കിൽ അടക്കേണ്ടതായിരുന്നു.
സമീപത്തെ വൈദ്യുതി ലൈൻ പൊട്ടിയിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. അമിത വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
Post Your Comments