
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സുപ്രീം കോടതിയിൽ ഹർജി. മലപ്പുറം തിരൂര്‍ സ്വദേശിയായ പി.ടി. ഷീജിഷ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തിരൂരിൽ സ്റ്റോപ്പ് നിര്‍ദേശിക്കണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാല്‍ ആണെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി. ഷീജിഷ് നല്കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇതേ ആവശ്യവുമായി ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ എസി ഫസ്റ്റ്/എക്സിക്യൂട്ടിവ് ക്ലാസിൻ്റെ ക്യാൻസലേഷൻ നിരക്കായി 240 രൂപ നൽകണം. എസി 2 ടയർ/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാൻസലേഷൻ നിരക്ക് 200 രൂപ. എസി 3 ടയർ/ചെയർകാർ, എസി-3 എക്കോണമി: 180 രൂപ. സ്ലീപ്പർ, സെക്കൻഡ് ക്ലാസ്: 120 രൂപ.
ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുൻപും 48 മണിക്കൂറിനു ശേഷവും ക്യാൻസൽ ചെയ്താൽ ടിക്കറ്റ് നിരക്കിൻ്റെ 25 ശതമാനം തുക ക്യാൻസലേഷൻ നിരക്കായി നൽകണം. 4 മണിക്കൂർ മുൻപാണ് ക്യാൻസലേഷനെങ്കിൽ ടിക്കറ്റ് നിരക്കിൻ്റെ 50 ശതമാനമാണ് നിരക്ക്. വെയിറ്റ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ക്യാൻസലായാൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുൻപ്, ക്ലെറിക്കേജ് തുക കിഴിച്ച് മുഴുവൻ പണവും തിരികെ ലഭിക്കും. 60 രൂപയാണ് ക്ലെറിക്കേജ് തുക. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും മാധ്യമപ്രവർത്തകർക്കും വന്ദേ ഭാരതിൽ ഇളവില്ല.
Post Your Comments