ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായാണ് ഇമ്രാൻ കോടതിയിലെത്തിയത്.
ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ വലിയ പ്രതിഷേധമാണ് നടത്തുന്നത്. പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെയുള്ളത്.
Post Your Comments