Latest NewsKeralaNews

ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു: യുവാവിന്റെ നില ഗുരുതരം 

മലപ്പുറം: ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് സ്വയം കഴുത്തറുത്തു. മലപ്പുറം വെന്നിയൂരിൽ ആണ് സംഭവം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ 11.15 ഓടെയായിരുന്നു സംഭവം.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ അങ്കമാലിയിൽ നിന്നും കയറിയ ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു യുവതിയെ ആക്രമിച്ചതിന് ശേഷം സനിൽ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിനു മുറിവേൽപ്പിച്ചു. ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും ഉടൻ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നെഞ്ചിൽ കുത്തേറ്റ യുവതിയുടെ നില സാരമല്ലെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാൾ വെച്ച് ബസിൽ കയറിയത്. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button