തിരുവനന്തപുരം: നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ ‘അശ്വതി അച്ചു’ ഒടുവിൽ പിടിയിൽ. പൂവാർ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ ഇയാളിൽ നിന്നും യുവതി തട്ടിയെടുത്തിരുന്നു. മധ്യവയസ്‌കൻ പരാതി നൽകിയപ്പോൾ പലതവണകളായി പണം തിരിച്ച് നൽകാം എന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പറഞ്ഞ കാലാവധിയും അവസാനിച്ചതോടെയാണ് അറസ്റ്റ്. ഇതാദ്യമായാണ് അശ്വതി അച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
മുൻപ് ഇവർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയ ആളാണ് ‘അശ്വതി അച്ചു’. നടപടികൾ മുന്നോട്ട് പോകുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഈ കേസുകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി 40000 രൂപ തട്ടിയെടുത്തതെന്ന കേസും യുവതിക്കെതിരെ ഉയരുന്നത്.
പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം പുറത്തറിയുന്നത് 2021 സെപ്റ്റംബറിൽ ആയിരുന്നു. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പ് കേസായിരുന്നു ഇത്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.
കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.
Post Your Comments