പട്ടം: വയോധികനെ ഹണി ട്രാപ്പിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് തട്ടിപ്പിന് ഇരയായത്. സീരിയൽ നടിയും അഭിഭാഷകയുമായ നിത്യ ശശിയാണ് ഹണി ട്രാപ്പിന്റെ പ്രധാനി. ഇവരുടെ സുഹൃത്ത് ആയ പരവൂർ കലയ്ക്കോട് സ്വദേശി ബിനുവും ചേർന്നാണ് പദ്ധതി പ്ലാൻ ചെയ്തത്. ബിനുവിന്റെ ബന്ധുവാണ് പരാതിക്കാരനായ വയോധികൻ. ഇയാളുടെ പരാതിയിൽ നിത്യയെയും ബിനുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് നിത്യ ഇയാളുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു. ബിനുവിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. തുടരെയുള്ള ഫോൺ വിളിയിലൂടെ പതിയെ സൗഹൃദത്തിലാക്കി. നിത്യയുടെ ചതി അറിയാതെ വയോധികൻ കലയ്ക്കോട്ടെ വാടകവീട്ടിലെത്തി. അവിടെ എത്തിയതോടെയാണ് ചതിയാണെന്ന് ഇയാൾ അറിയുന്നത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും ബിനു ഇയാളെ തടഞ്ഞുവെച്ചു.
ശേഷം ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നയായ നിത്യയ്ക്കൊപ്പം ചേർത്തുനിർത്തി ചിത്രങ്ങൾ എടുത്തു. ഫോണിൽ ചിത്രം പകർത്തിയത് ബിനു ആയിരുന്നു. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ഇരുവരും വയോധികനോട് ആവശ്യപ്പെട്ടു. തന്റെ കയ്യിൽ അത്രയും പണമില്ലെന്ന് പറഞ്ഞപ്പോൾ, ഇപ്പോൾ ഉള്ളത് തന്നാൽ മതിയെന്നറിയിച്ചു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നൽകി. എന്നാൽ, തുക മുഴുവൻ വേണമെന്ന് പറഞ്ഞ് പ്രതികൾ വയോധികനെ വീണ്ടും ഭീഷണിപ്പെടുത്തി. ഇതോടെ ഈ മാസം 18 ന് വയോധികൻ പറവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസിൽ പരാതി നൽകിയ വിവരം നിത്യയും ബിനുവും അറിഞ്ഞിരുന്നില്ല. നിത്യയെ കുടുക്കാൻ പോലീസ് മറ്റൊരു പദ്ധതി തയ്യാറാക്കി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാനെന്ന പേരിൽ പരാതിക്കാരൻ പ്രതികളെ പട്ടത്തെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഫ്‌ളാറ്റിലെത്തിയ പ്രതികളെ കാത്തിരുന്നത് പോലീസ് ആയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments