കാസർഗോഡ്: മാങ്ങാട് സ്വദേശിയായ 59 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ മറ്റൊരു പരാതിയും. ഹണിട്രാപ്പ് സംഘത്തിലെ പ്രധാനികളായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസൽ, ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എംപി റുബീന, കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ് , മാങ്ങാട് സ്വദേശി ദിൽഷാദ് എന്നിവർക്കെതിരെയാണ് കാസർഗോഡ് കളനാടുള്ള കടയുടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കടയിൽ നിന്നും വാങ്ങി കഴിച്ച ബിസ്ക്കറ്റ് കഴിച്ചതോടെ വയറുവേദനയുണ്ടായെന്ന് പറഞ്ഞ് 8,000 രൂപയാണ് സംഘം കടയുടമയിൽ നിന്നും തട്ടിയെടുത്തത്. ഹണിട്രാപ്പിൽ സംഘം പിടിയിലായ വാർത്ത കണ്ടതിന് പിന്നാലെയാണ് കടയുടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കാസർഗോഡ് കളനാട് ഉള്ള ഒരു കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങിയ സംഘം, ഇത് കഴിച്ചതിനെ തുടർന്ന് വയറ് വേദനയുണ്ടായെന്നും എണ്ണായിരം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇത് ശരിയാണെന്ന് വിശ്വസിച്ച കടക്കാരൻ എണ്ണായിരം രൂപ നൽകുകയും ചെയ്തു. സംഘം പിടിയിലായ വാർത്ത കണ്ടതിനെ തുടർന്നാണ് കടക്കാരൻ പരാതിയുമായി മേൽപ്പറമ്പ് പൊലീസിനെ സമീപിച്ചത്. കടയുടമയുടെ പരാതിയിൽ ഫൈസൽ, റുബീന, സിദ്ദീഖ്, ദിൽഷാദ് എന്നിവർക്കെതിരെ ഗൂഡാലോചന നടത്തി പണം തട്ടിയ മറ്റൊരു കേസു കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
അതേസമയം, 59 വയസുകാരനെ ഹണിട്രാപ്പിൽ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നാല് പേരെ ഇന്നലെ പടന്നക്കാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാങ്ങാട് സ്വദേശിയായ 59 വയസുകാരനെയാണ് ദമ്പതികൾ അടക്കമുള്ള ഏഴംഗ സംഘം ഹണിട്രാപ്പിൽ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ മാസം 25, 26 തീയതികളിലായിട്ടായിരുന്നു സംഭവം. വീണ്ടും ഹണിട്രാപ്പ് സംഘം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതിപ്പെട്ടതും ഏഴ് പേർ പിടിയിലായതും.
സംഘത്തിലെ പ്രധാനികളായ നാല് പേരുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസൽ, ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എംപി റുബീന, കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ് , മാങ്ങാട് സ്വദേശി ദിൽഷാദ് എന്നിവരെ പടന്നക്കാടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തു. മറ്റൊരു പ്രതിയായ പടന്നക്കാട് സ്വദേശി റഫീഖിന്റെ വീട്ടിലാണ് 59 വയസുകാരനെ തട്ടിക്കൊണ്ട് വന്ന് ഒരു രാത്രി മുഴുവൻ പാർപ്പിച്ച് ഭീഷണിപ്പെടുത്തിയത്
ഹണിട്രാപ്പിൽപെടുത്തി ഫോട്ടോയും ദൃശ്യങ്ങളും പകർത്തിയ മംഗളുരു നഗരത്തിലെ സ്വകാര്യ ലോഡ്ജ്, കാസർകോട് നഗരത്തിൽ വച്ച് രാത്രി ഭീഷണിപ്പെടുത്തിയ, പ്രസ് ക്ലബ് ജംക്ഷന് സമീപത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ചും മേൽപ്പറമ്പ് പൊലീസ് തെളിവെടുത്തു. സംഘത്തിലെ ബാക്കിയുള്ള മൂന്ന് പേരേയും അടുത്ത ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്‍രിയ, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി, പടന്നക്കാട് സ്വദേശി റഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക. സംഘം കൂടുതൽ ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് മേൽപ്പറമ്പ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Post Your Comments