KeralaLatest NewsNews

വ്യാജ രേഖ ഉണ്ടാക്കി അഭിഭാഷകയായി ആൾമാറാട്ടം; സെസി സേവ്യർ ഒടുവിൽ കീഴടങ്ങി

ആലപ്പുഴ: വ്യാജ രേഖ ഉണ്ടാക്കി അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ ഒടുവില്‍ ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസിയെ പൊലീസ് തിരയുന്നുണ്ടെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.

പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യർ, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന ഇവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു.

നിരവധി കേസുകളിൽ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു.

 

ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷത്തോളമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു.

2021ൽ സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗൺസിലിന്‍റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button