അമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കൊപ്പം ഇരുപതിനായിരം രൂപ പിഴയും അടയ്ക്കാൻ കോടതി ഉത്തരവിട്ടു. ഗുരുഗ്രാം കോടതിയുടേതാണ് ഉത്തരവ്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തത് മനുഷ്യമനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവമാണെന്ന് ജസ്റ്റിസ് രാഹുൽ ബിഷ്‌ണോയി നിരീക്ഷിച്ചു. ‘കുടക്കീഴിൽ താൻ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകൻ അമ്മയോട് പെരുമാറിയത്’ എന്നാണ് കോടതി വിധിപ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. മകന്റെ ക്രൂരപ്രവർത്തിയാണ് മറ്റൊരു മാർഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്നും കോടതി നിരീക്ഷിച്ചു.
2020 നവംബർ പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ പട്ടൗഡിയിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്തുവെന്ന വാർത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നിലേതോ കാരണമുണ്ടെന്നും, അത് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇവരുടെ ഭർത്താവ് ആണ് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തന്റെ മൂത്ത മകൻ ലഹരിക്കടിമയാണെന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇയാൾ പൊലീസിൽ മൊഴി നൽകിയിരുന്നു.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മൂത്ത മകനെ പ്രതിസ്ഥാനത്താക്കുന്ന ഒട്ടനവധി തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് ശേഖരിക്കാനായി. മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
Post Your Comments