അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാൻ റോയൽസ് തകർത്തത് അതിഗംഭീരം കളിയിലൂടെയാണ്. ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ പരസ്പരം വീറും വാശിയും പുറത്തെടുത്ത് തന്നെയാണ് രണ്ട് ടീമുകളും പോരാടിയത്. അടിയും തിരിച്ചടിയും സ്ലെഡ്ജിങ്ങും പ്രതിരോധവും എല്ലാം ഉൾപ്പെട്ടിരുന്നുവെന്ന് തന്നെ പറയാം. സഞ്ജു സാംസണിന്റെ ഫിഫ്റ്റിക്ക് പൊന്നും വിലയാണുള്ളത്.
വെറും നാല് റണ്‍സിനിടെ രാജസ്ഥാന്റെ നട്ടെല്ലായ യശ്വസി ജയ്സ്വാളും (1) ജോസ് ബട്ലറും (0) കൂടാരം കയറിയതോടെ ഗുജറാത്തിന്റെ ആത്മവിശ്വാസം കൂടി. ആത്മവിശ്വാസം അമിതമായപ്പോഴാണ് അവർക്കിടയിലേക്ക് സഞ്ജു സാംസൺ ഇറങ്ങിയത്. സഞ്ജുവിനെ തുടക്കം മുതൽ പ്രകോപിപ്പിക്കാൻ ഹാർദ്ദിക് പാണ്ഡ്യ ശ്രമിച്ചിരുന്നു. ഒരു ഇന്ത്യക്കാരനാണ്, ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കാതെ വെറുതെ വന്ന് ഹാർദിക് പാണ്ഡ്യ സഞ്ജുവിനെ ചൊറിയുന്നുണ്ടായിരുന്നു.
എല്ലാ പ്രതിസന്ധികളെയും തകിടം മറിച്ച്, തന്നെ തഴയുന്ന ഇന്ത്യൻ ടീമിന് മുൻപാകെ സഞ്ജു തലയുയർത്തി നിന്നു. സഞ്ജു സാംസണിന്റെയും (60) ഷിംറോന്‍ ഹെറ്റ്മെയറുടെയും (56*) ബാറ്റിങ് കരുത്തില്‍ നാല് പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി രാജസ്ഥാന് വിജയം നേടിയെടുക്കുകയായിരുന്നു. റാഷിദ് ഖാനെ തൂക്കിയടിച്ച മൂന്ന് തുടര്‍ സിക്സുകള്‍ തന്നെ ധാരാളമായിരുന്നു. സഞ്ജുവിന്റെ പ്രതിഭയെ തഴയുന്നവർക്ക് മുഖത്തേറ്റ അടിയായിരുന്നു ഇന്നലത്തെ പ്രകടനമെന്ന് നിസംശയം പറയാം.
ഹർദ്ദിക്കിന്റെ പെരുമാറ്റമാണ് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചതും, പ്രകോപിപ്പിച്ചതും. ഇടയ്ക്കിടെ കാരണമില്ലാതെ സഞ്ജുവിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ഹർദ്ദിക്കിനെ പിച്ചിൽ കാണാൻ കഴിഞ്ഞു. ഹര്‍ദിക്കിന്റെ അഹങ്കാരത്തിന് ബാറ്റുകൊണ്ടും ടീമിന്റെ വിജയംകൊണ്ടുമാണ് സഞ്ജു കണക്കുതീര്‍ത്തത്. സഞ്ജുവൊന്നും തനിക്ക് എതിരാളിയല്ലെന്ന ചിന്ത ഹർദ്ദിക്കിന് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ, അതെല്ലാം ഒറ്റയടിക്ക് തകർത്ത് കൈയ്യിൽ കൊടുക്കുകയായിരുന്നു സഞ്ജു. ഹര്‍ദിക്കിന് മറക്കാനാവാത്ത രാത്രിയാണ് സഞ്ജുവും സംഘവും നല്‍കിയത്.
Post Your Comments