ലക്‌നൗ: പോലീസ് കസ്റ്റഡിയിലായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലോകം കാൺക്കെ ആതിഖ് അഹമ്മദിനെയും സഹോദരനെയും പോയിന്റ് ബ്ലാങ്കിൽ ഒരു സംഘം വെടിവെച്ചുകൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് കീഴടക്കിയിരുന്നു. ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ട്. ലവ്‌ലേഷ് തിവാരി, സണ്ണി സിംഗ്, അരുൺ മൗര്യ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവരിൽ നിന്നും ചില വിവരങ്ങൾ ലഭിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകം കാൺകെ ലൈവായി ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് കുപ്രസിദ്ധ കുറ്റവാളികളാകാൻ തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് ആതിഖിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ മറുപടി നൽകിയതായാണ് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആദിഖിനെ കൊലപ്പെടുത്തിയത് കുപ്രസിദ്ധി ലഭിക്കാനാണെന്ന പ്രതികളുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള ഇവരെ അന്വേഷണത്തിന്റെ ഭാഗമായി വിശദമായി ചോദ്യം ചെയ്യും.
അതേസമയം, പ്രതികളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇവരുടെ വീട്ടുകാർ വ്യക്തമാക്കി. ലവ്ലേഷ് തിവാരി നേരത്തെയും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ലവ്‌ലേഷ് ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നുവെന്നും, അഞ്ചാറു ദിവസം മുമ്പും ബന്ദയിൽ ഉണ്ടായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. അയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കുടുംബവുമായി ഒന്നിനും ഇടപെട്ടിരുന്നില്ലെന്നും പിതാവ് അറിയിച്ചു.
സംഭവത്തിലെ രണ്ടാമൻ സണ്ണിക്കെതിരെ 14 കേസുകൾ വിവിധ സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിതാവ് മരിച്ചു. പൂർവ്വിക സ്വത്തിന്റെ വിഹിതം വിറ്റ് വീടുവിട്ടിറങ്ങി. അഞ്ച് വർഷത്തിലേറെയായി സണ്ണി തന്റെ കുടുംബത്തെയും അമ്മയെയും സഹോദരനെയും സന്ദർശിച്ചിട്ടില്ല. സഹോദരൻ ചായക്കട നടത്തിയാണ് കുടുംബത്തെ സംരക്ഷിക്കുന്നത്. ‘അവൻ അലഞ്ഞുതിരിയുമായിരുന്നു, ജോലിയൊന്നും ചെയ്യില്ല. ഞങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അവൻ എങ്ങനെയാണ് കുറ്റവാളി ആയതെന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല’, സണ്ണിയുടെ സഹോദരൻ പറഞ്ഞു.
Post Your Comments