അടിമാലി: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്കേറ്റു. കല്ലാർ വട്ടിയാർ അരിക്കെട്ട് വടക്കേൽ പുത്തൻപുരയിൽ ബിജു (42), ബിജുവിന്റെ അമ്മ സരോജിനി (52), ഭാര്യ ദിവ്യ (37), മക്കളായ അഞ്ജലി (13), അനാമിക (7) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കേറ്റ മുറിവിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അനാമികയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഈസ്റ്റേണ്‍ സ്കൂളിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ തൊടുപുഴ ആശുപത്രിയിലെത്തിയ ബിജുവും കുടുംബവും തിരികെ കല്ലാറിലെ വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു സംഭവം. നിയന്ത്രണംവിട്ട കാർ എതിർദിശയിലെ ഈറ്റക്കാടുകൾക്കിടയിലൂടെ 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു മറിയുകയായിരുന്നു. സമീപത്തു നിന്ന പ്ലാവിൽ ഇടിച്ച കാർ പൂർണമായും തകർന്നു.
സമീപത്തുള്ള വ്യാപാരികളും നാട്ടുകാരും ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments