വർക്കല: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍, യുവാവിനെതിരെ ആരോപണവുമായി ഒന്നാംപ്രതി ലക്ഷ്മിപ്രിയയുടെ അമ്മ രംഗത്ത്. മകളും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നില്ലെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു. പിന്നാലെ ഇയാള്‍ മകളെ ശല്യം ചെയ്ത് തുടങ്ങി. പലപ്പോഴും മകള്‍ക്ക് മോശം വീഡിയോകള്‍ അയച്ചു. ഇതോടെ യുവാവിന്റെ കാര്യം മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും ലക്ഷ്മിപ്രിയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മിപ്രിയയുമായി മകന്‍ പ്രണയത്തിലായിരുന്നില്ലെന്ന് നേരത്തെ യുവാവിന്റെ പിതാവും പ്രതികരിച്ചിരുന്നു. മകനെ മോചിപ്പിക്കാന്‍ യുവതി പണം ആവശ്യപ്പെട്ടുവെന്നും മകനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നും പിതാവ് വ്യക്തമാക്കി. ഭാരമുള്ള വടി കൊണ്ടാണ് അടിച്ചത്. ഷോക്കടിപ്പിക്കുകയും ചെയ്തു. പിന്നാലെ കഴുത്തില്‍കിടന്ന മാലയും വാച്ചും പണവും ഉള്‍പ്പെടെ തട്ടിയെടുത്തുവെന്നും പിതാവ് ആരോപിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ പുതിയ കാമുകനടക്കം അഞ്ച് പ്രതികള്‍ ഒളിവിലാണ്. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഏപ്രില്‍ അഞ്ചിന് വര്‍ക്കല അയിരൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലക്ഷ്മിപ്രിയയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ മുന്‍കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. രണ്ടാമത്തെ കാമുകനും സുഹൃത്തിനുമൊപ്പം ആദ്യ കാമുകന്റെ വീട്ടില്‍ യുവതി എത്തി. തുടര്‍ന്ന് യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി.
കാറില്‍ വച്ച് പുതിയ കാമുകനൊപ്പം മര്‍ദ്ദിക്കുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാര്‍ ആലപ്പുഴ എത്തിയപ്പോള്‍ ഡ്രൈവര്‍ ഇറങ്ങി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന മാലയും കൈയിലുണ്ടായിരുന്ന മൊബൈലും 5000 രൂപയും പിടിച്ചുവാങ്ങി. 3500 രൂപ ഗൂഗിള്‍ പേ വഴിയും കൈക്കലാക്കി. തുടര്‍ന്ന് യുവാവിനെ വീണ്ടും മര്‍ദ്ദിച്ചു. അവിടെ നിന്നും യുവാവിനെ എറണാകുളം ബൈപ്പാസിന് സമീപത്തെ ഒരു വീട്ടിലെത്തിച്ചു. തുടര്‍ന്ന് ബിയര്‍ കുടിക്കാന്‍ സംഘം നിര്‍ബന്ധിച്ചെങ്കിലും യുവാവ് വിസമ്മതിച്ചതോടെ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
തുടര്‍ന്ന് ലഹരി വസ്തുക്കള്‍ നല്‍കി യുവാവിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി തന്റെ മൊബൈലില്‍ പകര്‍ത്തി. താനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും ഇതു കൂടാതെ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പ്രമേഹമുള്ളവർക്ക് പാവയ്ക്ക: അറിയാം ഗുണങ്ങള്‍
അടുത്ത ദിവസം രാവിലെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ വൈറ്റില ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. റോഡരികില്‍ കണ്ടെത്തിയ യുവാവിനെ പോലീസെത്തിയാണ് കൊച്ചി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ യുവാവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷ്മിപ്രിയയുടെ ഒളിത്താവളം കണ്ടെത്തിയത്.
Post Your Comments