ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. താനടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള പ്രധാന കാരണം രാഹുല്‍ ഗാന്ധിയാണെന്നും നട്ടെല്ലില്ലാത്തവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനൊപ്പമുള്ളവർ അദ്ദേഹത്തിന്റെ സ്തുതിപാഠകർ ആണെന്നും ഗുലാം നബി പറഞ്ഞു. 2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി വലിച്ചുകീറിയില്ലായിരുന്നുവെങ്കില്‍ ഇന്ന് അദ്ദേഹത്തെ അയോഗ്യനാക്കുമായിരുന്നില്ല. രാഹുല്‍ വലിച്ച് കീറിയതിന് ശേഷം ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ അന്നത്തെ കേന്ദ്രമന്ത്രിസഭ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ കാബിനറ്റിന്റെ ദുര്‍ബലതയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവിനെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു. അക്കാര്യം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കോ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ വൈകിപ്പോയിരിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി രൂപീകരിച്ച നേതാവാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ ആര്‍ക്കും തൊട്ടുകൂടായ്മ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ രാഹുലിനെ കുറ്റപ്പെടുത്തി കപില്‍ സിബലും രംഗത്തുവന്നിരുന്നു. രാഹുലിന്റെ നേതൃത്വമില്ലായ്മയെയാണ് സിബലും കുറ്റപ്പെടുത്തിയത്. കോണ്‍ഗ്രസിനെ നയിക്കാനുള്ള നേതൃഗുണം ഇല്ലെന്ന് പലതവണ ബോധ്യമായിട്ടും രാഹുല്‍ ഗാന്ധിയെ നേതൃത്വത്തില്‍ നിലനിര്‍ത്താനാണ് ഇപ്പോഴും ഒരു പ്രബല വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന ആരോപണം മുമ്പും ഉയര്‍ന്നിരുന്നു.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി വാദിക്കുന്നവരുടെ നേതാവാണ് കെ സി വേണുഗോപാല്‍. കെ സി വേണുഗോപാല്‍ എന്ന നേതാവിനെ പോലെ രാഹുല്‍ ഗാന്ധിക്ക് ഒരു ഡ്രൈവറുണ്ട് അലങ്കാര്‍ എന്ന പേരില്‍. ഈ രണ്ട് പേര്‍ പറയുന്നതല്ലാതെ മറ്റൊന്നും രാഹുല്‍ ഗാന്ധി കേള്‍ക്കുകയില്ല. വിശ്വസിക്കുകയില്ല. രാഹുല്‍ എന്തു ചെയ്യണമെങ്കിലും കെ സി വേണുഗോപാല്‍ പറയണം, അതുകൊണ്ടാണ് കോണ്‍ഗ്രസ് തകരുന്നതെന്ന വാദവും സജീവമാണ്.
Post Your Comments