കൊല്ലം: കരുനാഗപ്പള്ളിയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി എംബിഎ വിദ്യാർത്ഥി അറസ്റ്റിൽ. നെടുവത്തൂർ കോട്ടാത്തല അമൽവിഹാറിൽ അമൽ ലാൽ(25) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് യുവാവിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി പട.തെക്ക് ബസ്സ്റ്റോപ്പിൽ നിന്നുമാണ് ഇയാളെ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാൾ ബാംഗ്ലൂരിൽ എംബിഎ വിദ്യാർത്ഥിയാണ്.
Read Also : ട്രെയിനിലെ തീവയ്പ്പ്: നോയിഡയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു, നാലംഗ സംഘം ഇന്ന് പുറപ്പെടും
ഇയാൾ സ്ഥിരമായി ബാംഗ്ലൂരിൽ നിന്നും ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നു എന്ന് ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. കർണാടകയിൽ നിന്ന് മയക്കുമരുന്നുമായി എത്തിയ ഇയാളെ പട. തെക്ക് ബസ് സ്റ്റാന്റിൽ നിന്നും ഡാൻസാഫ് ടീമും കരുനാഗപ്പള്ളി പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. വിശദമായ ദേഹപരിശോധനയിൽ വസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ 3.66 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടികൂടിയ എംഡിഎംഎ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു.വി യുടെ നേതൃത്വത്തിൽ എസ്ഐമാരായ തോമസ്, ശരത്ചന്ദ്രപ്രസാദ്, എസ് സിപിഒമാരായ രാജീവ്, പ്രമോദ് എന്നിവരും സ്പെഷൽ ബ്രഞ്ച് എസ്ഐ ആർ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ ബൈജു ജെറോം, എസ്സിപിഒ മാരായ സജു, സീനു, മനു, രിപു, രതീഷ്, എന്നിവരുമടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments