
ചെന്നൈ : ചെന്നൈയിൽ സഹപാഠികൾ ശരീരഭാരത്തെയും നിറത്തെയും കുറിച്ച് നിരന്തരം പരിഹസിക്കുകയും റാഗ് ചെയ്യുകയും ചെയ്തതിൽ മനം നൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്.
അമ്മയുടെ കൺമുന്നിൽ വെച്ച് അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർഥി ജീവനൊടുക്കിയത്. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് മൂന്ന് മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോർ വലിയ വിഷമത്തിലായിരുന്നു.
തന്നോടുള്ള സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ച് വിദ്യാർഥി പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവ് നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു.
പരാതിയിൽ കേസെടുത്ത പൊലീസ് സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments