മുംബൈ: എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി പിടിയിലായത്. മഹാരാഷ്‌ട്ര എടിഎസിന്റെ സഹായത്തോടെയാണ് ഷഹറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിലാണെന്നാണ് സൂചന.
പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മുൻപ് കേരള പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന പരിഹാസമാണ് സോഷ്യൽ മീഡിയകളിൽ. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്. പിന്നാലെ എത്തിയ ഉദ്യോഗസ്ഥർ ഇയാളെ കായികമായി കീഴടക്കുകയായിരുന്നു.
തലയ്ക്കുള്ള പരിക്കിന് ചികിത്സയ്ക്കായിട്ടാണ് പ്രതി എത്തിയത്. രാത്രി 12 മണിക്ക് ശേഷമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ട്രെയിനില്‍ നിന്നുള്ള വീഴ്ചയിലായിരിക്കാം തലയില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് വിവരം. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.
Post Your Comments