പത്തനംതിട്ട: ഹൈക്കോടതി കർശന നിർദേശത്തിലൂടെ അവസാനിപ്പിച്ച ശബരിമലയിലെ അനധികൃത പിരിവ് വീണ്ടും മുളയ്ക്കുന്നു. സന്നിധാനത്തും പമ്പയിലും അന്നദാനത്തിന്റെ പേരിൽ അന്യ സംസ്ഥാനങ്ങളിൽ വിപുലമായ തട്ടിപ്പ് നടന്നപ്പോഴാണ് കോടതി നിലപാട് എടുത്തത്. ഇതോടെയാണ് ദേവസ്വം ബോർഡ് നേരിട്ട് അന്നദാനം ഏറ്റെടുത്തത്. പിന്നീട് ഇത് അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്ന് കൂടി അനുവദിച്ചു. എന്നാൽ ധന സമാഹരണം കർശനമായി വിലക്കി.
എന്നാലിപ്പോൾ വഴിപാട് ബുക്കിങ്ങിനു വ്യാജ രസീത് നൽകി 1.60 ലക്ഷം രൂപ തട്ടിച്ചതായാണ് പരാതി ഉണ്ടായിട്ടുള്ളത്. ചെന്നൈ തിരുവള്ളൂർ സ്വദേശി ഗോപിനാഥ് രുദ്രാംഗദനാണു പണം നഷ്ടമായത്. വരുന്ന മണ്ഡല തീർഥാടന കാലത്ത് നവംബർ 23 ന് കളഭാഭിഷേകം, തങ്ക അങ്കി ചാർത്തിയ പൂജ എന്നിവ നടത്താൻ വേണ്ടിയാണു പണം ഈടാക്കിയത്. വ്യാജ രസീത് നൽകി പണം പിരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിലാണു തട്ടിപ്പ് കണ്ടെത്തിയത്.
വിവിധ വഴിപാടുകൾക്കായി ഭക്തരിൽനിന്നു മുൻകൂർ പണം വാങ്ങിയ ശേഷം നൽകിയത് ദേവസ്വം ബോർഡിന്റേത് എന്നു തോന്നുന്ന തരത്തിലുള്ള വ്യാജ രസീതാണെന്ന് കണ്ടെത്തി. സീലും ഒപ്പും വ്യാജമാണെന്നു ദേവസ്വം ബോർഡ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നു ദേവസ്വം ബോർഡ് പമ്പ പോലീസിൽ പരാതി നൽകിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments