തൃശ്ശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പിൽ കെപിസിസി സെക്രട്ടറിയും മുൻ തൃശൂർ കോർപറേഷൻ കൗൺസിലറുമായ അന്നമട പാലിശ്ശേരി ചാത്തോത്തിൽ വീട്ടിൽ സി.എസ്. ശ്രീനിവാസൻ അറസ്റ്റിലായി. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതേകേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് നാലിന് പ്രവാസിവ്യവസായി ടി.എ. സുന്ദർമേനോൻ അറസ്റ്റിലായിരുന്നു. ഇനിയും നാലുപേർ പിടിയിലാകാനുണ്ട് .
പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികൾ തട്ടിപ്പുനടത്തിയെന്നാണ് പരാതി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു സി.എസ്. ശ്രീനിവാസൻ. ഏഴുകോടിയിലധികം രൂപയാണ് ഇവർ അടങ്ങുന്ന സംഘം തട്ടിയത്. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുക, ആർ.ബി.ഐ. നിബന്ധനകൾക്ക് വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിക്കുക, നിക്ഷേപങ്ങൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരേയുള്ളത്. വഞ്ചനക്കുറ്റവും ബഡ്‌സ് നിയമവുമുൾപ്പെടെ ചുമത്തിയിട്ടുണ്ട്.
പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ച പണം ഡയറക്ടർമാർ ഭൂസ്വത്ത് വാങ്ങാനുപയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാത്ത സംഭവങ്ങളും നിരവധിയുണ്ട്.
തൃശ്ശൂർ വെസ്റ്റ് പോലീസിൽ രജിസ്റ്റർ ചെയ്ത 18 കേസുകളിലാണ് ഈ അറസ്റ്റ്. 62 പേരാണ് പരാതിക്കാർ. വെസ്റ്റ് സ്റ്റേഷനിൽനിന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നിക്ഷേപകരിൽ ചിലർ മുഖ്യമന്ത്രിക്ക് പരാതിനൽകിയതോടെയായിരുന്നു ഇത്. ബഡ്‌സ് നിയമപ്രകാരം പ്രതികളുടെ സ്വത്ത് മരവിപ്പിക്കുകയും കണ്ടുകെട്ടാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാളായ പുതൂർക്കര പുത്തൻവീട്ടിൽ ബിജു മണികണ്ഠനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജുവും സുന്ദർമേനോനും റിമാൻഡിലാണ്.
2016-ൽ ആണ് സ്ഥാപനം തുടങ്ങിയത്. 2023 ഏപ്രിൽമുതലാണ് നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതായത്. പണം തിരിച്ചുചോദിച്ചവർക്ക് വണ്ടിച്ചെക്ക് നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറയുന്നു.
Post Your Comments