
കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ പിതാവ് മകളുടെ സഹപാഠിയായ പതിനേഴുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ, പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാദാപുരം പശുപ്പകടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45)നെയാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം കഠിന തടവിനാണ് പ്രതിയെ ശിക്ഷിച്ചത്. അതിനൊപ്പം 20,000 രൂപ പിഴയൊടുക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
മനഃസാക്ഷിയില്ലാത്ത പ്രവർത്തിയാണ് പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് കോടതി വ്യക്തമാക്കി. നാദാപുരം അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവാണ് പ്രതി. മകളുടെ വിവാഹം ക്ഷണിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയം പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച പ്രതി ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു. രക്ഷകർത്താക്കൾ എത്തിയപ്പോൾ പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കി. തുടർന്ന്, രക്ഷകർത്താക്കളുമായി എത്തി പെൺകുട്ടി പ്രതിക്കെതിരെ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments