KeralaLatest NewsNews

സ്വര്‍ണ്ണക്കടത്ത്, ബോഡി ബില്‍ഡര്‍മാരും സംഘവും പിടിയില്‍

ഇവര്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

കോഴിക്കോട്: 3 കിലോയിലധികം കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ വിമാനമിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് അന്തരിച്ചു

കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നാണ് ഏലംകുളം സ്വദേശികളായ കല്ലുവെട്ടിക്കുഴിയില്‍ മുഹമ്മദ് സുഹൈല്‍ (24), ചേലക്കാട്ടുതൊടി അന്‍വര്‍ അലി (37), ചേലക്കാട്ടുതൊടി മുഹമ്മദ് ജാബിര്‍ (23), പെരിങ്ങാട്ട് അമല്‍ കുമാര്‍ (27) എന്നിവരും പാലക്കാട് ഒറ്റപ്പാലം സ്വദേശി മടായി മുഹമ്മദലി (30), മണ്ണൊര്‍ക്കാട് ചെന്തല്ലൂര്‍ സ്വദേശി ആനക്കുഴി ബാബുരാജ് (30) എന്നിവര്‍ കവര്‍ച്ചക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയത്.

കള്ളക്കടത്ത് സ്വര്‍ണ്ണവുമായി ജിദ്ദയില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ ഒരാളായ മഞ്ചേരി എളങ്കൂര്‍ സ്വദേശി പറമ്പന്‍ ഷഫീഖ് (31) ആണ് കവര്‍ച്ചാ സംഘത്തിന് തന്റെ കൂടെ വരുന്ന മറ്റ് രണ്ട് കാരിയര്‍മാരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയത്. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണം ഏഴുപേര്‍ തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു പദ്ധതി. ഷഫീഖ് ഉള്‍പ്പടെ മൂന്ന് പേര്‍ മൊത്തം 3.18 കിലോ സ്വര്‍ണ്ണവുമായിട്ടായിരുന്നു ജിദ്ദയില്‍ നിന്നും വിമാനത്താവളത്തിലെത്തിയത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന സമയം ഷഫീഖിന്റെ അറിവോടെ ഷഫീഖിനേയും കൂടെ സ്വര്‍ണ്ണവുമായി വരുന്ന മറ്റ് രണ്ടു പേരെയും, സിവില്‍ ഡ്രസില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെന്ന ഭാവേന വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്വര്‍ണ്ണവുമായി വന്ന ഷഫീഖും കൂടെ വന്ന മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അബ്ദുല്‍ ഫത്താഹ്, പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് റമീസ് എന്നീ മൂന്ന് യാത്രക്കാരും കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല.

മാര്‍ച്ച് 29 വൈകുന്നേരം ജിദ്ദയില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്ന നിരവധി യാത്രക്കാര്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടിലെത്തുന്നുണ്ടെന്നും അവര്‍ കൊണ്ടുവരുന്ന കടത്തുസ്വര്‍ണ്ണം തട്ടാന്‍ കവര്‍ച്ചാ സംഘം എത്തുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിന് നേരത്തേ രഹസ്യ വിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

കവര്‍ച്ചാ സംഘം എത്തിയ രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കാറുകള്‍ പരിശോധിച്ചതില്‍ കവര്‍ച്ചനടത്താനായി സംഘം കരുതിയ
ഇരുമ്പ് ദണ്ഡും മൂര്‍ച്ചയേറിയ പേപ്പര്‍ നൈഫും കണ്ടെടുത്തു. വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച കാറുമായാണ് കവര്‍ച്ചാ സംഘം എയര്‍പോര്‍ട്ടിലെത്തിയിരുന്നത്.

അറസ്റ്റിലായ സംഘത്തലവന്‍ സുഹൈല്‍ മുമ്പും ഭവനഭേദന മോഷണക്കേസിലും അന്‍വര്‍ അലി ഭവനഭേദനം, മോഷണം, അടിപിടി തുടങ്ങി ആറ് കേസുകളിലും പ്രതിയാണ്. ബാബുരാജ് കവര്‍ച്ച, കളവ്, വാഹനമോഷണം, അടിപിടി, കഞ്ചാവ് വില്‍പന തുടങ്ങി ഏഴ് കേസുകളില്‍  ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് വാറണ്ടുമുണ്ട്.

മുഹമ്മദ് അലിയും നിരവധി കേസുകളില്‍ പ്രതിയാണ്. മറ്റ് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സുഹൈല്‍ ബോഡി ബില്‍ഡറും ജിം ട്രെയിനറും, അന്‍വര്‍ അലിയും മുഹമ്മദ് ജാബിറും ബോഡി ബില്‍ഡര്‍മാരുമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനായി കാലിക്കറ്റ് എയര്‍പോര്‍ട്ടിലെത്തിയ മൂന്നാമത്തെ സംഘമാണ് ഇന്ന് പോലീസ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button