ബീഹാര്‍: നിയമക്കുരുക്കുകളിൽ പെട്ട് 29 വർഷം പൊലീസ് കസ്റ്റഡിയിലിരുന്ന ഹനുമാൻ വിഗ്രഹത്തിന് ഒടുവിൽ മോചനം. ബീഹാറിലെ ഭോജ്പൂരിലാണ് സംഭവം. ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന വിഗ്രഹം വിട്ടുനൽകാൻ ബീഹാറിലെ കോടതി ഉത്തരവിടുകയായിരുന്നു.
1994 മെയ് 29നാണ് സ്വർണം, വെള്ളി, ചെമ്പ്, ഈയം, നാകം, തകരം, ഇരുമ്പ്, രസം എന്നീ എട്ട് ധാതുക്കൾ ചേർത്ത് നിർമിച്ച ഈ ഹനുമാൻ വിഗ്രഹവും വിശുദ്ധ ബാർബർ സ്വാമിയുടെ വിഗ്രഹവും ഗുണ്ഡി ഗ്രാമത്തിലെ ശ്രീരംഗനാഥ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. തുടർന്ന് ജ്ഞാനേശ്വർ ദ്വിവേദി എന്ന പുരോഹിതൻ അജ്ഞാതരായ മോഷ്ടാക്കൾക്കെതിരെ കേസെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിനു ശേഷം വിഗ്രഹങ്ങൾ ഒരു കിണറ്റിൽ നിന്ന് കണ്ടെടുത്തു.
അന്ന് മുതൽ ഈ രണ്ട് വിഗ്രഹങ്ങളും പൊലീസ് സ്റ്റേഷനിലെ സ്ട്രോങ്ങ് റൂമിലായിരുന്നു. മോഷ്ടാക്കളെ ലഭിക്കാത്തതിനാൽ പൊലീസ് ഇവ വിട്ടുനൽകിയില്ല. ഇതിനിടെ ബീഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് ബോർഡ് പാറ്റ്ന ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചു. വിഗ്രഹങ്ങൾ ട്രസ്റ്റിനു തിരികെ നൽകണമെന്നായിരുന്നു ഹർജി. ഏറെക്കാലം നീണ്ട നിയമയുദ്ധത്തിനു ശേഷം ട്രസ്റ്റിന് വിഗ്രഹങ്ങൾ തിരികെ ലഭിച്ചു.
Leave a Comment