കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടെ, മുൻ വിരോധത്താൽ യുവാവിനെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. കുലശേഖരപുരം കോട്ടയ്ക്കുപുറം കരുണാലയത്തിൽ അഖിൽ (21) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് ഇവരെ പിടികൂടിയത്.
Read Also : നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ഉത്തരവിറക്കി ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി: പ്രതിഷേധം ശക്തം
മാർച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനിടെ, വള്ളിക്കാവ് സ്വദേശി ചാക്കോ സക്കറിയയെ പ്രതിയടങ്ങിയ സംഘം അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചാക്കോ സക്കറിയയുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഒളിവിൽപോയ അഖിലിനെ കിഴക്കേകല്ലടയിൽ നിന്ന് പിടികൂടുകയായിരുന്നു.
കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ വി. ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ ഷിബു, സി.പി.ഒമാരായ ഹാഷിം, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments