നോയിഡ: നോയിഡയിൽ നിന്നുള്ള 28 കാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ നിലവിലെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും വൈറലായി. രണ്ട് ഭാര്യമാരാണ് യുവാവിനുള്ളത്. ഭാര്യമാർക്കൊപ്പം ഒരു കരാർ എഴുതി ഒപ്പിട്ട് ഈ കാരാർ അടിസ്ഥാനത്തിലാണ് യുവാവ് കഴിയുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ഓരോ ഭാര്യയോടൊപ്പം താമസിക്കുമെന്നും ഞായറാഴ്ച താൻ സ്വതന്ത്രനായിരിക്കുമെന്നുമാണ് യുവാവ് കരാറിൽ എഴുതിയിരിക്കുന്നത്.
തന്റെ ശമ്പളം രണ്ട് ഭാര്യമാർക്കും തുല്യമായി വീതം വെച്ച് നൽകുമെന്നും, രണ്ട് സ്ത്രീകൾക്ക് ഓരോ ഫ്ലാറ്റ് വീതം നൽകുമെന്നും കരാറിൽ യുവാവ് എഴുതി നൽകിയിട്ടുണ്ട്. ദ്വിഭാര്യത്വം നിയമവിരുദ്ധമാണെങ്കിലും, ഇയാൾ തന്റെ രണ്ട് ഭാര്യമാരുമൊത്ത് ഒരുമിച്ച് തന്നെയാണ് താമസം. വിഷയം കോടതിയിൽ എത്തില്ലെന്ന് മൂവരും ഉറപ്പ് നൽകുന്നുണ്ട്. നോയിഡ സ്വദേശിയായ 28 കാരനായ യുവാവ് 2018 ൽ ഗ്വാളിയോറിൽ നിന്നുള്ള 26 കാരിയായ യുവതിയെ വിവാഹം കഴിച്ചു. ഇരുവരും ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായി ജോലി ചെയ്തു. 2020ൽ യുവതി ഗർഭിണിയായതോടെ ഭർത്താവ് അവളെ ഗ്വാളിയോറിലെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുപോയി. കൊറോണ വൈറസ് പാൻഡെമിക് കാരണം എങ്ങോട്ടും മാറരുതെന്ന് നിർദ്ദേശിച്ചു. ഗുരുഗ്രാമിൽ തിരിച്ചെത്തിയ ഭർത്താവ് 2021ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
രണ്ടാം ഭാര്യയും ഇതേ സോഫ്റ്റ്‌വെയർ കമ്പനിയിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. വിവാഹശേഷം അധികം വൈകാതെ ഇവരും ഗർഭിണിയായി. 2021 ജൂലൈയിൽ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. ഈ സമയത്ത്, ആദ്യ ഭാര്യ ഭർത്താവിനോട് മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഭാര്യാവീട്ടിലേക്ക് പോയിരുന്നില്ല. ഒടുവിൽ, ആദ്യ ഭാര്യ 2023 ജനുവരിയിൽ നോയിഡയിൽ എത്തി ഭർത്താവിനെ നേരിട്ട് കാണാൻ തന്നെ തീരുമാനിച്ചു. ഭർത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും അതിൽ ജനിച്ച കുട്ടിയെക്കുറിച്ചും അപ്പോഴാണ് യുവതി അറിയുന്നത്.
ഇതേത്തുടർന്ന് ആദ്യഭാര്യ നോയിഡ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ഗ്വാളിയോറിൽ തിരിച്ചെത്തിയ ശേഷം, ഗ്വാളിയോർ കുടുംബ കോടതിയിൽ ഐപിസി സെക്ഷൻ 498 എ പ്രകാരം ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്യാൻ അവൾ ആഗ്രഹിച്ചു. എന്നിരുന്നാലും, അതിനായി അവൾ ഒരു അഭിഭാഷകനെ സമീപിച്ചപ്പോൾ, അയാൾ ഒത്തുതീർപ്പിന് നിർദ്ദേശിച്ചു. തുടർന്നാണ് വിചിത്രമായ കരാറിൽ യുവാവ് ഒപ്പുവെച്ചത്.
Post Your Comments