പുനലൂർ: റിട്ട. നഴ്സിനെ കിടപ്പ് മുറിയിലെ കട്ടിലിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ തുമ്പശേരി ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മെൽക്കി കുഞ്ഞുമോനെ(58) ആണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11.30 ടെയായിരുന്നു സംഭവം. വീട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ വീട് പൂട്ടി പ്രാർത്ഥനയ്ക്ക് ചർച്ചിൽ പോയ സമയത്താണ് സംഭവം നടന്നത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ഹെഡ് നഴ്സായി സേവനം അനുഷ്ഠിച്ചു വരവേ സ്ട്രോക്ക് വന്ന് ശരീര ഭാഗം ഭാഗികമായി തളർന്ന് മൂന്ന് വർഷമായി ഇവർ കിടപ്പിലായിരുന്നു. ഇതിൽ വലിയ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്നലെ ഇവരുടെ മുറിയിൽ നിന്നും പുക വരുന്നത് കണ്ട് അയൽവാസികൾ കതക് പൊളിച്ചു അകത്തു കടക്കുപ്പോൾ ശരീരമാസകലം പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കട്ടിലും മെത്തയും ഉൾപ്പടെ കത്തിയ നിലയിലായിരുന്നു. സംഭവത്തില പുനലൂർ പൊലീസ് കേസെടുത്തു.
കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ഷിന്റു, ശ്രീഷ. മരുമകൾ: ഷിനി.
Post Your Comments